നമ്പി നാരായണന്​ നഷ്​ടപരിഹാരമായി 1.3 കോടി നൽകും

തിരുവനന്തപുരം: നിയമവിരുദ്ധ അറസ്​റ്റിനും പീഡനത്തിനും ഇരയായ മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ എസ്. നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശിപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

സുപ്രീംകോടതി നിർദേശപ്രകാരം നല്‍കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമീഷന്‍ ശിപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്. നിയമവിദഗ്ധരുമായി ആലോചിച്ച് തയ്യാറാക്കുന്ന ഒത്തുതീര്‍പ്പുകരാര്‍ തിരുവനന്തപുരം സബ്‌കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. നമ്പി നാരായണന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കുന്നതിനുമുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനും മുന്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിൻെറ ശിപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം.

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2013 ഏപ്രില്‍ ഒന്നിനു മുമ്പ് ജോലിയില്‍ പ്രവേശിച്ച അംഗപരിമിതരായ സ്ഥിരം ജീവനക്കാര്‍ക്ക് ഇ.പി.എഫ് പെന്‍ഷന് അര്‍ഹത ലഭിക്കുന്നതിന് പെന്‍ഷന്‍ പ്രായപരിധി 60 വയസ്സായി ഉയര്‍ത്താന്‍ തീരുമാനിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറൊട്ടോറിയത്തിൻെറ കാലാവധി 2020 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കും.

2019 ലെ കേന്ദ്ര ചരക്കു സേവന നികുതി (ഭേദഗതി) നിയമത്തിനനുസൃതമായി തയ്യാറാക്കിയ ഓര്‍ഡിനനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ജി.എസ്.ടി നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ 2020 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരണമെന്ന് ജി.എസ്.ടി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നത്.

Tags:    
News Summary - Nmbi narynan will get 1.3 crore as compensation -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.