കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഭീതിപടർത്തുന്ന നിപ വൈറസിനു പിന്നിൽ വവ്വാലാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ കമീഷണർ ഡോ. സുരേഷ് എസ്. ഹോനപ്പഗോൽ. വവ്വാലിൽ നിന്നെടുത്ത സാമ്പിൾ പരിശോധിച്ച റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തുവന്നാലേ ഇക്കാര്യം പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ജില്ല കലക്ടർ യു.വി. ജോസ്, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി, മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച ശേഖരിച്ച സാമ്പിൾ ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് (എൻ.ഐ.എച്ച്.എസ്.എ.ഡി) അയക്കും. വെള്ളിയാഴ്ച ഫലം അറിയും. പന്തിരിക്കരയിലെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത് പ്രാണികളെ തിന്നുന്ന (ഇൻസെക്റ്റിവോറസ്) തരം വവ്വാലുകളെയാണ്. എന്നാൽ, പഴങ്ങൾ മാത്രം കഴിക്കുന്ന തരം വവ്വാലുകളാണ് രോഗവാഹകരെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. വൈറസ് ഭീതിയിൽ വവ്വാലുകളെ കൊല്ലുന്നതിൽ കാര്യമില്ല. ഇത് ജൈവവൈവിധ്യത്തെ ബാധിക്കും. ദേശാടനക്കിളികൾ രോഗവാഹകരാണെന്ന കാര്യവും തെളിയിക്കപ്പെട്ടിട്ടില്ലെന്നും മൃഗസംരക്ഷണ കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.