ടോമിൻ തച്ചങ്കരി വിചാരണക്കെത്തിയ കാറും വിവാദമായി; വിരമിച്ച ശേഷവും ‘ത്രീ സ്റ്റാർ’ ബോർഡ്! ഒടുവിൽ പിഴയടച്ച് തടിയൂരി
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലുവർഷം തടവിനും 30.84 ലക്ഷം രൂപ പിഴ ശിക്ഷക്കും വിധിക്കപ്പെട്ട മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരി, ഈ കേസിന്റെ വിചാരണക്കിടയിലും വിവാദം സൃഷ്ടിച്ചു. വിചാരണവേളയിൽ വിജിലൻസ് കോടതിയിൽ ഹാജരായ കാറാണ് വിവാദമായത്. ഔദ്യോഗിക പദവിയിലിരിക്കെ ഉപയോഗിച്ചിരുന്ന രീതിയിലുള്ള മൂന്നു നക്ഷത്ര ചിഹ്നങ്ങൾ പതിച്ച ഔദ്യോഗിക ബോർഡ് വെച്ച സ്വകാര്യ കാറിലാണ് കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയത്.
എ.ഡി.ജി.പി പദവിയിൽനിന്ന് വിരമിച്ച ശേഷവും ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ ഉപയോഗിക്കുകയായിരുന്നു. അധികാര ചിഹ്‌നങ്ങൾ ദുരുപയോഗിക്കുന്നത് ആൾമാറാട്ടത്തിന് തുല്യമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി ലഭിച്ചു. തുടർന്ന് പൊലീസ് മേധാവി കോട്ടയം ജില്ല പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടുകയും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം 250 രൂപ പിഴ ചുമത്തുകയും ചെയ്തു.
കാറിന്‍റെ നമ്പർ പ്ലേറ്റിനോട് ചേർന്നുള്ള നീല ബോർഡ് തുണി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നുവെങ്കിലും കവർ മാറ്റിയപ്പോൾ മൂന്ന് നക്ഷത്ര ചിഹ്നങ്ങൾ വ്യക്തമായിരുന്നു. എന്നാൽ, ത്രീ സ്റ്റാർ ബോർഡ് മറച്ചുവെച്ച നിലയിലായിരുന്നുവെന്നും ബോർഡ് അഴിച്ചുമാറ്റാത്തത് ഡ്രൈവറുടെ വീഴ്ചയാണെന്നുമായിരുന്നു അന്ന് തച്ചങ്കരിയുടെ വിശദീകരണം.
2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ ഏഴു വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷ് ശിക്ഷ വിധിച്ചത്. അഴിമതി കേസിൽ ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ ശിക്ഷിക്കപ്പെടുന്നത് സംസ്ഥാനത്ത് ആദ്യമാണ്. കോടതി വിധിയെ തുടർന്ന് തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റി. ഹൈകോടതിയിൽ അപ്പീൽ നൽകാൻ 30 ദിവസ സമയപരിധി അനുവദിച്ചിട്ടുണ്ട്.
തച്ചങ്കരിക്ക് വരുമാന സ്രോതസ്സുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്തുള്ളതായി കണ്ടെത്തിയാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. ബോബി കുരുവിളയുടെ പരാതിയിലായിരുന്നു അന്വേഷണം. വെളിപ്പെടുത്തിയ വരുമാനമാർഗങ്ങളേക്കാൾ 135 ശതമാനം കൂടുതലായിരുന്നു ഇത്. അധിക വരുമാനത്തിന് തൃപ്തികരമായ വിശദീകരണമോ തെളിവോ നൽകാൻ തച്ചങ്കരിക്ക് സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
തച്ചങ്കരിക്ക് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. 2023 ജൂലൈ 31നാണ് അദ്ദേഹം സർവിസിൽനിന്ന് വിരമിച്ചത്. ഭൂമി വാങ്ങിയപ്പോൾ മതിയായ സ്റ്റാമ്പ് ഡ്യൂട്ടി അടക്കാതെ സർക്കാറിന് നഷ്ടം വരുത്തിയെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ് പിന്നീട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്ന് കോട്ടയം കോടതിയിലേക്കും മാറ്റുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹരജി ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.
മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണെന്നും കേസിൽനിന്ന് ഒഴിവാക്കണമെന്നും കാണിച്ച് തച്ചങ്കരി സമർപ്പിച്ച ഹരജി വിജിലൻസ് കോടതിയും തള്ളിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.
ഗുരുതര കുറ്റമാണ് തച്ചങ്കരി ചെയ്തതെന്നും തുടർ നടപടികൾ വിജിലൻസ് ഡയറക്ടറുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. മുൻ ആഭ്യന്തര വകുപ്പ് ജോയിന്‍റ് സെക്രട്ടറിയടക്കം 96 പേരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി, മുൻ എ.ഡി.ജി.പി, ആദായനികുതി ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി അടക്കം 23 പേരെ പ്രതിഭാഗം സാക്ഷികളായും വിസ്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.