ആന്റോ അഗസ്റ്റിൻ റിമാൻഡിൽ; മാനന്തവാടി ജില്ല ജയിലിലേക്ക്
കൊച്ചി: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിനെ സുൽത്താൻ ബത്തേരി കോടതി റിമാൻഡ് ചെയ്തു. വയനാട്ടിലെ സ്വന്തം വീട്ടിൽ അളവിൽ കവിഞ്ഞ മദ്യം സൂക്ഷിച്ച കേസിലാണ് നടപടി. 14 ദിവസത്തേക്കാണ് റിമാൻഡ്. പ്രതിയെ മാനന്തവാടി ജില്ല ജയിലിലേക്ക് മാറ്റും.
ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുമുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടിൽ കണ്ടെത്തിയത്. 138 കുപ്പികളിലായി 67ലിറ്റർ മദ്യമാണ് പിടികൂടിയത്. ഇതിനെതിരെ അബ്കാരി ആക്ട് പ്രകാരമാണ് എക്‌സൈസ് നടപടി. കേരള അബ്കാരി ആക്ടിലെ 55 (എ), 55 (ഐ), 58 വകുപ്പുകൾ പ്രകാരമാണ് കേസ്.
ഇന്ന് പുലർച്ചെയാണ് കൊച്ചി കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന റിപ്പോർട്ടർ ചാനൽ ആസ്ഥാനത്തെത്തി ആന്റോയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തുടക്കത്തിൽ അറസ്റ്റിന് വഴങ്ങാതിരുന്ന അദ്ദേഹം ഏറെ നാടകീയതകൾക്കൊടുവിലാണ് പിടികൊടുത്തത്.
മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ ബുധനാഴ്ച പുലർച്ചെ മുതൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിൽ റിപ്പോർട്ടർ ടി.വി ആസ്ഥാനത്തും ആന്റോയുടെ കാക്കനാട്ടെ ഫ്ലാറ്റിലും മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയിരുന്നു. ഒരുപകലും രാത്രിയും നീണ്ട പരിശോധനക്കൊടുവിൽ റെയ്ഡിന് നേതൃത്വം നൽകിയ തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പുലർച്ചെ മടങ്ങിയതിനു പിന്നാലെയാണ് വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം ചാനൽ ഓഫിസിലെത്തിയത്.
എക്സൈസ് അസി. കമീഷണർ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, എഫ്.ഐ.ആർ കാണിക്കാതെ അറസ്റ്റ് അനുവദിക്കില്ലെന്ന നിലപാടിൽ ആന്റോ ഉറച്ചുനിന്നു. സോഫ്റ്റ് കോപ്പി കാണിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാറാണ് എഫ്.ഐ.ആർ കോപ്പിയുമായെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആലുവ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്കു ശേഷം വയനാട്ടിലേക്ക് കൊണ്ടുപോയി. അറസ്റ്റ് പ്രതികാര നടപടിയാണെന്നും തന്നെ കുടുക്കിയതാണെന്നും ആന്റോ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.