കാര്യവട്ടത്ത് ഇന്ത്യ-വിൻഡീസ് ഏകദിന പോരാട്ടം; ടിക്കറ്റ് നിരക്കുകൾ അറിയാം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന പോരാട്ടത്തിന്റെ ടിക്കറ്റ് വിതരണം ആരംഭിച്ചു. ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകൾ 'ടിക്കറ്റ് ജീനി' (Ticketgenie.in) വെബ്‌സൈറ്റ് വഴി ആരാധകർക്ക് ബുക്ക് ചെയ്യാം. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ ആദ്യ ടിക്കറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കെ.സി.എൽ ചാമ്പ്യന്മാരായ തൃശൂർ ടൈറ്റൻസ് ഉടമ സജാദ് സേഠ് ടിക്കറ്റ് ഏറ്റുവാങ്ങി. കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ, സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

നികുതി ഉൾപ്പെടെ 650 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. ഗാലറിക്ക് 650 രൂപയും പവലിയന് 1250 രൂപയുമാണ് വില. എ, ജെ പവലിയനുകൾക്ക് യഥാക്രമം 1800, 2000 രൂപയും എലൈറ്റ് പവലിയന് 2500 രൂപയുമാണ് ഈടാക്കുന്നത്. കെ.സി.എ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾ 5000 രൂപയ്ക്ക് ലഭ്യമാകും. മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് പ്രവേശനത്തിന് ടിക്കറ്റ് നിർബന്ധമാണ്. തട്ടിപ്പുകൾ ഒഴിവാക്കാൻ ഔദ്യോഗിക പോർട്ടൽ വഴി മാത്രം ടിക്കറ്റുകൾ സ്വന്തമാക്കണമെന്ന് കെ.സി.എ അറിയിച്ചു. ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം.

മത്സരത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 23-നാണ് ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ടീമുകൾ തിരുവനന്തപുരത്ത് എത്തുന്നത്. 24, 25 തീയതികളിൽ ഇരുടീമുകളും ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും. ഉച്ചയ്ക്ക് 1:30 മുതൽ 4:30 വരെ വിൻഡീസ് നിരയും വൈകീട്ട് 5:30 മുതൽ 8:30 വരെ ഇന്ത്യൻ സംഘവും പരിശീലനത്തിനിറങ്ങും. 26-ന് ഉച്ചയ്ക്ക് ഇന്ത്യൻ ടീമും വൈകീട്ട് വിൻഡീസും അന്തിമ പരിശീലനത്തിൽ ഏർപ്പെടും. തിരുവനന്തപുരത്തെ മത്സരത്തിന് ശേഷം പരമ്പരയിലെ രണ്ടാം പോരാട്ടം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലും മൂന്നാം ഏകദിനം ഒക്ടോബർ മൂന്നിന് മൊഹാലിയിലും നടക്കും.

എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിൻഡീസ് പട വീണ്ടും തലസ്ഥാനത്ത് ഏകദിനം കളിക്കാനിറങ്ങുന്നത്. 2018-ൽ ഗ്രീൻഫീൽഡിലെ കന്നി അന്താരാഷ്ട്ര ഏകദിനത്തിലും ഇന്ത്യയുടെ എതിരാളികൾ വെസ്റ്റ് ഇൻഡീസായിരുന്നു. സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണിത്. 2023 ജനുവരിയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് ഇവിടെ അവസാനമായി ഏകദിന മത്സരം നടന്നത്. അന്ന് വിരാട് കോലിയുടെ (166*) തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ 317 റൺസിന്റെ വൻ വിജയം കുറിച്ചിരുന്നു.

Tags:    
News Summary - India vs West Indies 1st ODI at Greenfield Stadium: Ticket Sales Begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.