വോട്ടെണ്ണലിന് ഇനി ഒമ്പത് നാൾ; നെഞ്ചിടിപ്പിൽ മുന്നണികൾ

തിരുവനന്തപുരം: ഭരണത്തിന് തിരുത്തോ, അതോ തുടർച്ചയോ എന്നറിയാൻ സംസ്ഥാന രാഷ്‌ട്രീയം ഉറ്റുനോക്കുന്ന നിർണായക വിധിദിനത്തിലേക്ക് ഇനി ഒമ്പത് നാൾ മാത്രം. കൂട്ടിക്കിഴിക്കലുകളുടെയും തലനാരിഴ കീറിയുള്ള പരിശോധനകളുടെയും ആത്മവിശ്വാസവും ഒപ്പം ജനവിധിയെ കുറിച്ച അങ്കലാപ്പും മനസ്സിൽ നിറച്ചാണ് രാഷ്ട്രീയ ക്യാമ്പുകൾ മേയ് നാലിലേക്ക് നാളെണ്ണുന്നത്.

എസ്.ഐ.ആറിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണെന്നതിനാൽ വോട്ടർ പട്ടിക പരിഷ്കരണം ആരെ തുണക്കുമെന്നതിലും മുന്നണികൾക്ക് ഒരുപോലെ ആശങ്കയുണ്ട്. വോട്ടെണ്ണലിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നതെങ്കിലും അന്തിമ വോട്ടിങ് ശതമാനം എത്രയെന്ന് ഇനിയും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിട്ടില്ല. ഏറ്റവുമൊടുവിൽ 79.63 ശതമാനമെന്ന ഏകദേശ കണക്കാണ് കമീഷൻ നൽകിയത്.രാഷ്ട്രീയ പാർട്ടികളെല്ലാം ജില്ലതല വിലയിരുത്തലുകൾ പൂർത്തിയാക്കി. തരംഗമില്ലെങ്കിലും 82 സീറ്റ് വരെയും തരംഗമുണ്ടായാൽ 90ന് മുകളിലേക്കുമെന്നതാണ് യു.ഡി.എഫിന്‍റെ ആത്മവിശ്വാസം. മലബാറിലും മധ്യകേരളത്തിലും കരുത്തുറ്റ മുന്നേറ്റവും തെക്കൻ കേരളത്തിൽ ഇടതുമുന്നണിയുടെ ആധിപത്യം അട്ടിമറിക്കുമെന്നതുമാണ് യു.ഡി.എഫ് പ്രതീക്ഷ.

അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന സൂചനകൾക്ക് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയും പക്ഷംചേർന്നുള്ള ചേരിപ്പോരും പാരമ്യതയിലായി. വോട്ടെണ്ണൽ ദിനം അടുക്കുന്തോറും മുഖ്യമന്ത്രി കസേരയിലേക്കുള്ള പിടിവലിയും ചരടുവലികളും പുതിയ രൂപവും ഭാവവും ആർജിക്കുന്നതും കൗതുകകരം. ഇത്തരം അതിരുവിട്ട സമീപനങ്ങൾ ദോഷം ചെയ്യുമെന്ന വികാരവും കോൺഗ്രസിലുണ്ട്.2016ലെയും 2021ലെയും സീറ്റുകളില്ലെങ്കിലും നേരിയ ഭൂരിപക്ഷത്തിന് ഭരണത്തുടർച്ച എൽ.ഡി.എഫ് ഉറപ്പിക്കുന്നു. സിറ്റിങ് എം.എൽ.എമാരുടെ പ്രകടനവും മണ്ഡലങ്ങളിലെ സൽപേരും കേവലഭൂരിപക്ഷത്തിന് തുണക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.

കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ കണക്കുകൾ തെറ്റുന്നതിനാൽ ഇക്കുറി വിലയിരുത്തലിൽ വലിയ സൂക്ഷ്മതപാലിച്ചെന്നാണ് പാർട്ടി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സാധ്യത കുറവുള്ള ബൂത്തുകളും മണ്ഡലങ്ങളും ഉറച്ചസാധ്യതയായി കണക്കാക്കി മേൽഘടകങ്ങൾ റിപ്പോർട്ട് നൽകുന്നതാണ് പിഴവിന് കാരണമായത്. അതിനാൽ ഇക്കുറി സാധ്യത കുറഞ്ഞ മണ്ഡലങ്ങളെ ഒഴിവാക്കിയ ശേഷമാണ് നേരിയ ഭൂരിപക്ഷം നേടുമെന്ന വിലയിരുത്തൽ.

25 സീറ്റുകളിൽ മത്സരിച്ച സി.പി.ഐ 10 സീറ്റിലേക്ക് പ്രതീക്ഷ പരിമിതപ്പെടുത്തി. 24 സീറ്റിൽ മത്സരിച്ച ഘടകകക്ഷികൾക്കെല്ലാം ചേർത്ത് ‘ആറോ, ഏഴോ’ എന്നതാണ് പ്രാഥമിക വിലയിരുത്തൽ. ശക്തമായ സാന്നിധ്യമറിയിക്കലും വോട്ടുവിഹിതം വർധിപ്പിക്കലും ലക്ഷ്യമിട്ട് രംഗത്തുള്ള ബി.ജെ.പി നേമത്തടക്കം പ്രതീക്ഷ പുലർത്തുന്നുണ്ടെങ്കിലും ഉറപ്പു പറയുന്നില്ല.

Tags:    
News Summary - Nine days left for vote counting; Fronts in a state of panic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.