നിമിഷപ്രിയയുടെ മോചനം, യമൻ പൗരന്‍റെ കുടുംബം പ്രതികരണമറിയിച്ചില്ല, നിർണായക ചർച്ചകൾ ഇന്നും തുടരും

കോഴിക്കോട്: യമനിൽ വധശിക്ഷക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള യെമനിലെ പ്രസിദ്ധ സൂഫി ഗുരു ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ നേതൃത്വത്തില്‍ നടക്കുന്ന അടിയന്തര ചര്‍ച്ചകള്‍ ഇന്നും തുടരും. രാത്രി വൈകിയും ചർച്ച നടന്നെങ്കിലും തലാലിന്‍റെ കുടുംബം പ്രതികരണമറിയിച്ചിട്ടില്ല.

കാന്തപുരം അബുബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ചകൾ നടക്കുന്നത്. കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബവുമായി ചർച്ച നടത്തിയത് യമനിലെ സുന്നി പണ്ഡിതനാണ്. എന്നാൽ ദയാധനം സംബന്ധിച്ച ഒരു പ്രതികരണവും കുടുംബം ഇതുവരെ അറിയിച്ചിട്ടില്ല.

ഗോത്ര നേതാക്കളും തലാലിന്റെ നിയമ സമിതി കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളുമായുള്ള ചര്‍ച്ച ചൊവ്വാഴ്ചയും തുടരും. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ പ്രതിനിധി സംഘം തലാലിന്റെ നാടായ ഉത്തര യെമനിലെ ദമാറില്‍ തന്നെ തുടരുകയാണ്. ചര്‍ച്ചകള്‍ ആശാവഹമാണെന്നും നാളെ നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു. കുടുംബങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായത്തിലേക്കെത്തിക്കാനും അതുവരെ ശിക്ഷ നീട്ടിവെപ്പിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.

ഉത്തര യെമനിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വൈകാരിത ഉയർത്തിയ കേസായതിനാൽ ഇത്രയും കാലം കുടുംബവുമായി സംസാരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള ഇടപെടൽ സാധിച്ചത്.

പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും വ്യക്തമായിരുന്നു.

വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.

യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.

നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയാണ്. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. 

Tags:    
News Summary - Nimisha Priya's release, family has not responded, crucial discussions will continue tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.