കൽപറ്റ: നിലമ്പൂർ-സുൽത്താൻബത്തേരി -നഞ്ചൻകോട് റെയിൽപാതയുടെ വിശദ പദ്ധതി രേഖയും അന്തിമ സ്ഥലനിർണയ സർവേയും റെയിൽവേ ബോർഡ് നേരിട്ട് തയാറാക്കാൻ തീരുമാനം. ഇതിനായി 5.9 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ഇതോടെ വയനാടിന്റെ റെയിൽവേ സ്വപ്നത്തിന് കൂടുതൽ ശക്തിയായി. ഡോ. ഇ. ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
നീലഗിരി- വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റിയുടെ അഞ്ച് വർഷങ്ങളായുള്ള സമരപോരാട്ടങ്ങളുടെയും നിയമനടപടികളുടെയും വിജയംകൂടിയായി കേന്ദ്ര സർക്കാർ തീരുമാനം.2012ൽ പാർലമെന്റിൽ എടുത്ത തീരുമാനപ്രകാരം സതേൺ റെയിൽവേ പ്രാഥമികസർവേ നടത്തി. തുടർന്ന് കേരള-കേന്ദ്ര സർക്കാറുകൾ ഈ പാത സംയുക്ത സംരംഭമായി നിർമിക്കാനായി കരാർ ഒപ്പിട്ടു.
2016 ഫെബ്രുവരി 24ന് റെയിൽവേ ബജറ്റിലൂടെ നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതക്ക് കേന്ദ്രസർക്കാർ അനുമതിനൽകി.3000 കോടിരൂപ കേന്ദ്രവിഹിതം പ്രഖ്യാപിക്കുന്ന സംയുക്ത സംരംഭ പദ്ധതികളിൽ ഉൾപ്പെടുത്തി ഡി.പി.ആർ തയാറാക്കാൻ കേരളസർക്കാറിന് അനുമതി നൽകി.
അതുപ്രകാരം സംസ്ഥാന സർക്കാർ ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സിയെ ഡി.പി.ആർ തയാറാക്കാൻ ചുമതലപ്പെടുത്തി.ഇ. ശ്രീധരൻ കേരളത്തിലെയും കർണാടകയിലെയും വനങ്ങളിൽ പാത ടണലുകൾവഴി കടന്നുപോകുന്ന അലൈൻമെന്റ് തയാറാക്കി അതിന് കർണാടക സർക്കാറിന്റെ അനുമതി വാങ്ങിയെടുത്തു. അഞ്ച് വർഷംകൊണ്ട് പാതപൂർത്തിയാക്കാമെന്ന് 2018ൽ അദ്ദേഹം അറിയിച്ചു.
എന്നാൽ നിലമ്പൂർ നഞ്ചൻകോട് പാത നടപ്പാക്കുന്നത് ചിലർ ആവശ്യപ്പെടുന്ന തലശ്ശേരി-മൈസൂരു പാതക്ക് തടസ്സമാകുമെന്ന് ആശങ്കപ്പെട്ട ഒരുലോബി നിലമ്പൂർ നഞ്ചൻകോട് പാതയുടെ ഡി.പി.ആർ പൂർത്തിയാക്കുന്നത് തടസ്സപ്പെടുത്തിയെന്ന് ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു.
ഡി.എം.ആർ.സിക്ക് കേരള സർക്കാർ നൽകേണ്ട ഫണ്ട് ഡി.പി.ആർ നടപടികൾ ഗണ്യമായി പുരോഗമിച്ച ഘട്ടത്തിൽ തടഞ്ഞു. ഈ തടസ്സങ്ങളെല്ലാം അതിജീവിച്ചാണ് നിലവിൽ പാതയുടെ ഡി.പി.ആർ തയാറാക്കാനുള്ള അനുമതി ആയത്. ഇതിനെതിരെ 2018 മുതൽ 2023 വരെ നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ശക്തമായ ജനകീയസമരങ്ങൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.