നിലമ്പൂര്‍ വെടിവെപ്പ്: മലപ്പുറം എസ്.പിക്കെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണം

കോഴിക്കോട്: നിലമ്പൂര്‍ വെടിവെപ്പില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം എസ്.പി ദേബേശ്കുമാര്‍ ബഹ്റക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ നരഹത്യ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി.എ. പൗരന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ചിന്‍െറ ആഭ്യന്തര സുരക്ഷ വിഭാഗമായ ഐ.എസ്.ഐ.ടിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്.

എസ്.പിയെ കൂടാതെ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ജാഫര്‍ മാലിക്, വീരപ്പന്‍ വേട്ടക്ക് മേല്‍നോട്ടം വഹിച്ചയാളും തമഴ്നാട് മുന്‍ ഡി.ജി.പിയുമായ തണ്ടര്‍ബോള്‍ട്ടിന്‍െറ നോഡല്‍ ഓഫിസര്‍ എന്നറിയപ്പെടുന്ന വിജയകുമാര്‍ എന്നിവര്‍ക്കെതിരെ ഐ.പി.സി  302 (നരഹത്യ), 201 (തെളിവ് നശിപ്പിക്കല്‍), 193 (വ്യാജമായ തെളിവുണ്ടാക്കല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നവംബര്‍ 30 നാണ് പൗരന്‍ ക്രൈംബ്രാഞ്ച് ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായക്ക് പരാതി നല്‍കിയത്.

വെടിവെപ്പുമായി ബന്ധപ്പെട്ട് എടക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത 536ാം നമ്പര്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ 158ാം നമ്പര്‍ കേസായി രജിസ്റ്റര്‍ ചെയ്താണ് ഐ.എസ്.ഐ.ടി വിഭാഗം അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ബിജു ഭാസ്കര്‍ നല്‍കിയ നോട്ടീസില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഈ കേസിന്‍െറ അന്വേഷണ പരിധിയില്‍ വരുന്നതാണെന്ന് പൗരനെ രേഖാമൂലം അറിയിച്ചു. ഇതുസംബന്ധിച്ച് 26ന് ഡിവൈ.എസ്.പി പരാതിക്കാരന്‍െറ മൊഴിയെടുത്തു.  

എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാത്തത് പ്രഹസനമാണെന്ന് പൗരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഐ.ജിക്ക് വീണ്ടും പരാതി നല്‍കുമെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - nilambur maoist encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.