നിലമ്പൂർ: കോരിച്ചൊരിയുന്ന മഴയിലും ആവേശം ചോരാതെ നിലമ്പൂരിൽ മുന്നണികളുടെ കൊട്ടിക്കലാശം. പരസ്യപ്രചാരണം അവസാന മണിക്കൂറിലേക്കെത്തിയപ്പോൾ റോഡുകൾ കൈയടക്കി പാർട്ടി പ്രവർത്തകരുടെ ഡി.ജെയും ഡാൻസും ആഘോഷവും. അവസാന മണിക്കൂറുകളിൽ കാലുകുത്താനിടമില്ലാത്ത വിധം നിലമ്പൂർ ടൗൺ വിവിധ പാർട്ടി പ്രവർത്തകരാൽ തിങ്ങിനിറഞ്ഞു. റോഡ് ഷോയുമായി എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാർഥികളും അനുയായികളും പ്രചാരണം കൊഴുപ്പിച്ചു.
രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് നിലമ്പൂരിൽ കൊട്ടിക്കലാശത്തിലേക്ക് കടന്നത്. വിവാദങ്ങളും ജനകീയ വിഷയങ്ങളും എല്ലാം ചർച്ചയായ നിലമ്പൂര്‍ വ്യാഴാഴ്ചയാണ് വിധിയെഴുതുന്നത്.നാളെ നിശബ്ദ പ്രചാരണമാണ്.
ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യുഡിഎഫും സർക്കാരിന്റെ നേട്ടങ്ങൾക്ക് ജനം പിന്തുണ നൽകുമെന്ന് എൽഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഗെയിം ചെയ്ഞ്ചറായി പി.വി. അൻവറിന്റെ രംഗപ്രവേശവും ജയപരാജയങ്ങളെ സ്വാധീനിക്കും. എൻ.ഡി.എ, എസ്.ഡി.പി.ഐ സ്ഥാനാർഥികൾ സ്വന്തമാക്കുന്ന വോട്ടുകളിലെ ഏറ്റക്കുറച്ചിലുകൾ ആർക്ക് ഗുണകരമാകുമെന്നും കണ്ടറിയണം.
പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത്, എൽ.ഡി.എഫിനായി എം. സ്വരാജ്, സ്വതന്ത്രനായി പി.വി.അൻവർ, എൻ.ഡി.എയ്ക്കായി മോഹൻ ജോർജ്, എസ്.ഡി.പി.ഐക്കായി അഡ്വ. സാദിഖ് നടുത്തൊടി തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. കൊട്ടിക്കലാശത്തിൽ സംഘർഷം ഒഴിവാക്കാൻ വിവിധ സ്ഥാനാർഥികൾക്ക് പൊലീസ് വെവ്വേറെ സ്ഥലം നിശ്ചയിച്ചു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.