തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിനപ്പുറം എൽ.ഡി.എഫ്-യു.ഡി.എഫ് അഭിമാനപ്പോരാട്ടത്തിന് അങ്കംകുറിച്ച നിലമ്പൂരിൽ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച നേട്ടത്തിൽ യു.ഡി.എഫ്. അതേസമയം സ്ഥാനാർഥിക്കെതിരെ പി.വി. അൻവർ സ്വരം കടുപ്പിച്ച് പരസ്യമായി രംഗത്തെത്തിയത് അപ്രതീക്ഷിത കല്ലുകടിയുമായി. യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ആര്യാടൻ ഷൗക്കത്തിനെ തള്ളിയും വി.എസ്. ജോയിയെ പിന്തുണച്ചുമാണ് അൻവർ നിലപാട് വ്യക്തമാക്കിയത്. ഇതുവഴി നിലമ്പൂരിൽ അൻവർ ‘ഇഫക്ട്’ നഷ്ടമാകുമോ എന്ന ആശങ്ക യു.ഡി.എഫിലുണ്ട്.
സമുന്നത നേതാവിനെ ഉയർത്തിക്കാട്ടാനില്ല എന്നതാണ് എൽ.ഡി.എഫിന്റെ ‘പ്രതിസന്ധി’യെങ്കിൽ വി.എസ്. ജോയിയും ആര്യാടൻ ഷൗക്കത്തും ഒരുപോലെ സ്ഥാനാർഥിയാവാൻ രംഗത്തുള്ളതായിരുന്നു യു.ഡി.എഫിന്റെ വെല്ലുവിളി. യു.ഡി.എഫ് ഘടകകക്ഷിയാക്കണമെന്ന ആവശ്യത്തിൽ ഉറപ്പുലഭിക്കാത്തതിനാൽ ഉടക്കിട്ട് അൻവർ സൃഷ്ടിച്ച സമ്മർദം വേറെയും. ഇവയെല്ലാം തരണം ചെയ്താണ് കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അൻവറിന്റെ വരുംനാളുകളിലെ നീക്കം യു.ഡി.എഫിന് നിർണായകമായി.
കീറാമുട്ടിയായ പ്രശ്നം ദ്രുതഗതിയിൽ തീർപ്പാക്കി സ്ഥാനാർഥിയെ ആദ്യം പടക്കളത്തിലിറക്കാനായത് നേട്ടമായാണ് യു.ഡി.എഫ് വിലയിരുത്തുന്നത്. ആര്യാടൻ ഷൗക്കത്താണെങ്കിൽ മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയ അൻവറിന് വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസിന്റെ നേതൃതലത്തിൽ തിങ്കളാഴ്ച ഉച്ചയോടെ ധാരണയായി.
അൻവറിനുമുന്നിൽ പാർട്ടി കീഴടങ്ങുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽ.ഡി.എഫ് ചർച്ചയാക്കുമെന്ന് നേതാക്കൾ വിലയിരുത്തി. ഇതോടെ, നേതൃത്വം വി.എസ്. ജോയിയുമായി സംസാരിച്ച് ഷൗക്കത്തിന്റെ കാര്യത്തിൽ ധാരണയിലെത്തി. അൻവറിന് യു.ഡി.എഫ് പ്രവേശനത്തിൽ ഉറപ്പുനൽകിയെങ്കിലും മുഴുവൻ ഘടകകക്ഷികളുമായി ആലോചിച്ചേ തീരുമാനമുണ്ടാകൂവെന്ന് അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് എം.എൽ.എ സ്ഥാനം രാജിവെച്ച അൻവറിനും രാഷ്ട്രീയഭാവി നിശ്ചയിക്കുന്ന അങ്കമാണിത്. അതുകൂടി മുന്നിൽ കണ്ടാണ് യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി അൻവർ പരസ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.