ഉരുൾ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
കൽപറ്റ: മറ്റുള്ള സ്വതന്ത്രപരമാധികാര രാഷ്ട്രങ്ങൾക്കുനേരെ തെമ്മാടി രാഷ്ട്രമായ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് സാമ്രാജ്യത്വ ശക്തിയായ അമേരിക്ക എല്ലാ പിന്തുണയും നൽകുകയാണെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർക്കായുള്ള കൽപറ്റയിലെ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെതിരായ ഇസ്രായേൽ-അമേരിക്ക ആക്രമണങ്ങളെ എല്ലാവരും അപലപിക്കണം. പരമോന്നത നേതാവായി ഇറാൻ കാണുന്ന ആയത്തുല്ല അലി ഖാംനഈയെയും ഉന്നത നേതാക്കളെയുമാണ് കൊന്നത്. സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയുള്ള ഇസ്രായേലിന്റെ ഇത്തരം ആക്രമണങ്ങളെ ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ‍്യമന്ത്രി പറഞ്ഞു.
അതേസമയം, പശ്ചിമേഷ‍്യയിൽ സംഘർഷം കലുഷിതമായ സാഹചര്യത്തിൽ ഗൾഫ് മേഖലകളിലെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇതിനായി മുന്‍ കരുതലുകൾ സ്വീകരിക്കണമെന്നും ആവശ‍്യമെങ്കിൽ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്നും കത്തിൽ നിർദേശിച്ചു.
മലയാളികൾ ഉൾപ്പെടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ മേഖലയിലെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്നുണ്ട്. നിലവിലെ സാഹചര്യം ബന്ധുക്കളിലും പൊതുസമൂഹത്തിലും വലിയ ഉത്കണ്ഠ സൃഷ്ടിക്കുന്നു. എല്ലാ പൗരന്മാരുടെയും സുരക്ഷയെകുറിച്ചുള്ള ആശങ്ക മുഖ‍്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.