പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതിനാൽ കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ തിങ്കളാഴ്ചയും ഭൂരിഭാഗവും മുടങ്ങി. സർവിസുകൾ റദ്ദാക്കിയത് യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നതിനാൽ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ പൊതുവെ വിജനമായിരുന്നു.
നാല് സർവിസുകൾ മാത്രമാണ് ഗൾഫ് മേഖലയിലേക്ക് ആകെയുണ്ടായത്. കൊച്ചിയിൽ നിന്നുള്ള 31 സർവിസുകളും കൊച്ചിയിലേക്കുള്ള 27 സർവിസുകളും റദ്ദാക്കി. ഒമാൻ എയർ മസ്കത്തിലേക്ക് രണ്ട് സർവിസ് നടത്തി. സൗദി എയർലൈൻസ് ജിദ്ദയിലേയക്കും റിയാദിയേക്കും സർവിസ് നടത്തി. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മസ്ക്കത്തിലേക്കും ആകാശ എയർ ജിദ്ദയിലേക്കും സർവിസ് നടത്തിയില്ല.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച മൂന്ന് അന്താരാഷ്ട്ര സർവിസുകള്‍ മാത്രമാണ് നടന്നത്. 21 സർവിസുകള്‍ മുടങ്ങി. മസ്കത്തിലേക്ക് സലാം എയറും ഒമാന്‍ എയറും റിയാദിലേക്ക് ഫ്ലൈനാസുമാണ് കരിപ്പൂരില്‍നിന്ന് യാത്രയായയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ, അല്‍ഐന്‍, ദോഹ, ബഹ്റൈന്‍, അബൂദബി, ജിദ്ദ, റാസല്‍ഖൈമ, റിയാദ്, ഷാർജ, ഇന്‍ഡിഗോയുടെ അബൂദബി, ദുബൈ, ജിദ്ദ, എയര്‍ അറേബ്യയുടെ ഷാർജ, അബൂദബി, റാസല്‍ഖൈമ, ഖത്തര്‍ എയര്‍വേസിന്റെ ദോഹ, ഇത്തിഹാദ് എയറിന്റെ അബൂദബി, എയര്‍ അറേബ്യയുടെ അബൂദബി സർവിസുകളാണ് മുടങ്ങിയത്. കരിപ്പൂരിലേക്ക് വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള 22 സർവിസുകളും റദ്ദാക്കി.
അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് തിങ്കളാഴ്ച 28 സർവിസുകൾ റദ്ദാക്കി. ഒമാൻ എയർവേസിന്റെ ഒരു വിമാനം കൃത്യസമയത്ത് മസ്കറ്റിൽനിന്ന് തിരുവനന്തപുരത്ത് എത്തുകയും മടങ്ങുകയും ചെയ്തു. അതേസമയം മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. റിയാദ്, ഷാർജ, ബഹ്റൈൻ, അബുദാബി, ദമ്മാം, കുവൈറ്റ്, ദുബൈ, ദോഹ വിമാനങ്ങളാണ് റദ്ദാക്കിയത്. രണ്ട് ദിവസങ്ങളിലായി റദ്ദാക്കിയ വിമാന സർവിസുകളുടെ എണ്ണം 89 ആയി. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തേണ്ട 14 സർവിസുകളും പുറപെടേണ്ട 14 സർവിസുകളുമാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച ഇവിടേക്ക് എത്തേണ്ടതും പുറപ്പെടേണ്ടണ്ടതുമായ എട്ടുവീതം സർവിസുകൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു തിങ്കളാഴ്ച പുറപ്പെടേണ്ടതും എത്തുന്നതുമായ 16 വിമാന സർവിസുകളാണ് റദ്ദാക്കിയത്. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിനൽകുകയോ റീഫണ്ട് അനുവദിക്കുകയോ ചെയ്യുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. അബൂദബി, ദോഹ, മസ്കത്ത്, ഫുജൈറ, റാസൽഖൈമ, ദുബൈ എന്നിവിടങ്ങളിലേക്കും തിരികെയുമുള്ള സർവിസുകളാണ് തിങ്കളാഴ്ച റദ്ദാക്കിയത്. ചൊവ്വാഴ്ചത്തെ അന്താരാഷ്ട്ര സർവിസുകളും റദ്ദാക്കിയതായി എയർഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും അറിയിച്ചു.
സർവീസുകൾ റദ്ദാക്കിയത് മൂലമുള്ള മാറ്റങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് അറിയുന്നതിനായി airindiaexpress.com സന്ദർശിക്കണമെന്നും കോൺടാക്റ്റ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം റീ-ഷെഡ്യൂളിങ്ങിനും റീഫണ്ടിനും പ്രത്യേക ഇളവുകൾ എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 28 വരെ ബുക്ക് ചെയ്തവർക്കും മാർച്ച് അഞ്ച് വരെ യാത്ര നിശ്ചയിച്ചിരുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.
അധിക നിരക്കുകൾ ഇല്ലാതെ തന്നെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാം. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുന്നതാണ്. ബുക്കിങ്ങുകളിൽ മാറ്റം വരുത്തുന്നതിനായി വെബ്സൈറ്റ് (www.airindiaexpress.com/manage-booking) സന്ദർശിക്കാം. അല്ലെങ്കിൽ വാട്ട്സ്ആപ്പിൽ (+91 63600 12345) ‘Tia’ എന്ന AI അസിസ്റ്റൻറുമായി ബന്ധപ്പെടാം. ഈ സാഹചര്യത്തിൽ യാത്രക്കാർ കാണിക്കുന്ന ക്ഷമയ്ക്കും സഹകരണത്തിനും എയർലൈൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.