സി.പി.എമ്മിലെ നവമാധ്യമ കോലാഹലം; ‘കാക്കയുടെ കൈയിൽനിന്ന് പരുന്ത് റാഞ്ചി’

കായംകുളം: സി.പി.എമ്മിനുള്ളിെല വിഭാഗീയതക്ക് കരുത്ത് പകരാൻ രൂപംകൊടുത്ത നവമാധ്യമ ഗ്രൂപ്പുകൾ ഭാസ്മാസുര വരം പോലെ ‘നേതാക്കളെ’ തിരിഞ്ഞുകൊത്തുന്നു. ‘കാക്കയുടെ കൈയിൽനിന്ന് പരുന്ത് റാഞ്ചിയ’ അവസ്ഥയിൽ കാര്യങ്ങൾ കൈവിട്ടതോടെ പിന്നിൽ പ്രവർത്തിച്ചവർ വെട്ടിലായിരിക്കുകയാണ്.ഏരിയ കമ്മിറ്റിയിൽ നടക്കുന്നതുപോലും അതേപടി നവമാധ്യമങ്ങളിലും പ്രചരിക്കാൻ തുടങ്ങിയതോടെ തുറന്നുവിട്ട ഭൂതത്തെ പിടിച്ചുകെട്ടാനാകാതെ നേതാക്കൾ പരക്കം പായുകയാണ്. ഉൾപാർട്ടി തീരുമാനങ്ങൾ അതേപടി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഏരിയ നേതൃത്വത്തിനും തലവേദനയായി.

ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്നത് അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന ഇറക്കിയതിന് പിന്നാലെ ‘കായംകുളത്തിന്‍റെ വിപ്ലവം’ പേജിൽ ഏരിയ കമ്മിറ്റിയിലെ സംഭാവവികാസങ്ങൾ അതേപടി നിറഞ്ഞതാണ് ഇപ്പോഴത്തെ ചർച്ച. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്‍റെ സാന്നിധ്യത്തിൽ നടന്ന കമ്മിറ്റിയിലെ ചർച്ചയിലെ വാക്കും വരികളും അതേപോലെ പുറത്തുവന്നതോടെ നിഷേധിക്കാനകാതെ നേതൃത്വം വെട്ടിലായിരിക്കുകയാണ്.

‘ക്രിമിനൽ സ്വഭാവം ഉള്ള നേതാക്കളെ വിമർശിക്കുമ്പോൾ അത് പാർട്ടിക്ക് എതിരായ വിമർശനമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കേണ്ട. നിങ്ങൾക്ക് ജീവിക്കാൻ വേണ്ടിയാണ് ഈ പ്രസ്ഥാനം എങ്കിൽ ഞങ്ങളുടെ ജീവനാണ് ഈ പ്രസ്ഥാനം. അത് മനസ്സിലാക്കുക’ എന്ന മുന്നറിയിപ്പോടെയാണ് കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

ജി. സുധാകര പക്ഷത്തായിരുന്ന കമ്മിറ്റിയുടെ ചുവടുമാറ്റവും ചർച്ചയാക്കാൻ ഇവർക്ക് കഴിഞ്ഞു. സുധാകരൻ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവായതോടെ ജില്ല സെക്രട്ടറി ആർ. നാസറിന്‍റെ നിലപാടിനെ പിന്തുണച്ചിരുന്നവരിൽ ഭൂരിഭാഗവും സെക്രട്ടേറിയറ്റ് അംഗമായ സജി ചെറിയാന്‍റെ പക്ഷത്തേക്കാണ് ചാഞ്ഞത്. ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷന്‍റെയും നഗരസഭ ചെയർപേഴ്സണായ ഭാര്യ പി. ശശികലയുടെയും നിലപാട് മാറ്റവും പേജിൽ ചർച്ചയാക്കുന്നു.

അതേസമയം, പാർട്ടി വിഭാഗീയത സമൂഹമാധ്യമങ്ങളിൽ എത്തിച്ച ‘ചെമ്പട കായംകുളം’ പിൻവലിഞ്ഞപ്പോൾ നേതാക്കളുടെ അഴിമതി ചർച്ചയാക്കി ‘കായംകുളത്തിന്‍റെ വിപ്ലവം’ കൂടുതൽ സജീവമാകുന്നതാണ് നേതാക്കളെ ഭയപ്പെടുത്തുന്നത്. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാന് എതിരെയാണ് ‘ചെമ്പട’ പ്രധാനമായും രംഗത്ത് വന്നിരുന്നത്. ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസനെയും ഏരിയ സെന്‍റർ അംഗവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ ബിബിൻ സി. ബാബുവിനെയും പ്രതിക്കൂട്ടിൽ നിർത്തിയാണ് ‘വിപ്ലവം’ പേജിന്‍റെ പോരാട്ടം.

ആരോപണ-പ്രത്യാരോപണങ്ങളുമായി വിഭാഗീയതക്ക് കൂടുതൽ കരുത്ത് പകരുന്ന തരത്തിലെ സൈബർ അക്രമണം നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. മൂടിവെച്ചിരുന്ന അഴിമതിക്കഥകളും പരാതികളും ഒന്നിന് പുറകെ ഒന്നായി പ്രചരിക്കുന്നതാണ് പ്രശ്നം. കൂടാതെ സ്ത്രീ വിഷയങ്ങളുമായി ബന്ധപ്പെട്ട സംഭാഷണ ക്ലിപ്പിങ്ങുകളും അശ്ലീല വർത്തമാനങ്ങളും പ്രചരിക്കുന്നതും നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു. കൂടുതൽ പുറത്തുവിടുമെന്ന ഭീഷണി ഇത്തരം ദൗർബല്യക്കാരെ വല്ലാതെ ഭയപ്പെടുത്തുന്നുമുണ്ട്.

പാർട്ടിക്കുള്ളിലെ ഓരോ ചലനങ്ങളും കൃത്യമായി അറിയുന്നവരുടെ പിന്തുണ അജ്ഞാത സൈബർ സംഘത്തിനുണ്ടെന്ന് വ്യക്തമാകുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നേറുന്നത്. ഇതിനു പിന്നിലുള്ളവരെ കുറിച്ച് സംശയങ്ങളല്ലാതെ ഉറവിടം കണ്ടുപിടിക്കാൻ കഴിയാത്തതും നേതൃത്വത്തെ പ്രയാസപ്പെടുത്തുന്നു.

എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ജില്ലയിൽ പ്രവേശിക്കുന്നതിന് മുമ്പ് കാര്യങ്ങൾ കൈപ്പിടിയിൽ ഒതുക്കണമെന്ന തരത്തിൽ പ്രശ്ന പരിഹാരനീക്കങ്ങൾ ഊർജിതമാണ്. എന്നാൽ, ഉന്നയിക്കപ്പെട്ട പരാതികളിൽ നടപടിയില്ലാതെ ഇത് പരിഹരിക്കാൻ കഴിയില്ലെന്നാണ് സൈബർ പോരാളികൾ പറയുന്നത്. കൂടാതെ ജാഥ എത്തുന്ന സന്ദർഭത്തോട് അനുബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പും നൽകുന്നു.

Tags:    
News Summary - New media issues in CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.