ടീം വി.ഡി.എസ് അധികാരമേറ്റു, ജനസാഗരം സാക്ഷി!

തിരുവനന്തപുരം: ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷി നിർത്തി കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്ങിനിറഞ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ മുമ്പാകെയാണ് സത്യവാചകം ചൊല്ലിയത്. ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 

അടുത്തത് മന്ത്രിസഭയിലെ രണ്ടാമനായ മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഊഴമായിരുന്നു. അദ്ദേഹവും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. 


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് തൊട്ടുപിന്നാലെ സത്യപ്രതിജ്ഞ ചെയ്തത്. നാലാമതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ഊഴമായിരുന്നു. കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി​ ജോൺ, അനുപ് ജേക്കബ്, സി.പി. ജോൺ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ,  വി.ഇ. അബ്ദുൽ ഗഫൂർ, ടി. സിദ്ദീഖ്, കെ.എ. തുളസി എന്നിവരാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്തത്. 

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ തെരുവിലിറങ്ങിയ ജനസഹസ്രങ്ങളുടെ തുടർച്ചപോലെഇന്നലെ ഉച്ചമുതൽ വൻ ജനപ്രവാഹത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടിന് ശേഷമുള്ള യു.ഡി.എഫ് മന്ത്രിസഭയുടെ കൊടിയേറ്റം ജനകീയതയുടെ മഹാവിളംബരമായി.

അധികാര പ്രവേശനത്തിന് സാക്ഷികളാകാൻ ലോക്സഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദൻ സിങ് സുഖു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ വേദിയിൽ എത്തിയിരുന്നു. 

Tags:    
News Summary - New Era in Kerala: VD Satheesan Formally Assumes Office in State Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.