തൃശ്ശൂർ: കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് ആലപ്പുഴയിൽ തന്നെ വരും. വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ടുകൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാനത്തെ 13 ജില്ലകളുമായി താരതമ്യം ചെയ്താൽ ആലപ്പുഴക്ക് എയിംസിന് യോഗ്യതയുണ്ട്. ഇടുക്കി ആയിരിക്കും ഒരുപക്ഷേ പിന്നെ, പിന്നാക്കം നിൽക്കുന്നത്. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയിൽ തന്നെ വരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ താൻ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിഷയത്തിൽ കേന്ദ്രം പൂർണ പിന്തുണയാണ് നൽകുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
‘ചില രാഷ്ട്രീയ ഉദ്ദേശത്തോടെ അത് ചെയ്യില്ല എന്ന് നിശ്ചയമെടുത്താൽ, എനിക്ക് എന്റെ പ്രധാനമന്ത്രിയുടെ അടുത്തും ആരോഗ്യ മന്ത്രിയുടെ അടുത്തും പിന്നെ എനിക്ക് ഒരു അധികാരമുണ്ട്, അവകാശമുണ്ട്. അത് കേരളത്തിലെ ആദ്യത്തെ ബി.ജെ.പി എം.പി എന്ന നിലക്ക് തൃശൂരിന് അത് നിർബന്ധം’-സുരേഷ് ഗോപി പറഞ്ഞു
തൃശൂരിൽ സ്ഥലമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. എന്നാൽ, തിരുവനന്തപുരത്ത് സ്ഥലം നൽകാമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ എയിംസ് വരുന്നതിനെ ചിലർ എതിർക്കുന്നത് അത് തനിക്ക് പെരുമയായി മാറുമെന്ന ഭയം കൊണ്ടാണെന്നും സുരേഷ് ഗോപി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.