തിരുവനന്തപുരം: ഭരണമാറ്റക്കാലത്ത് പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ കേരളം വ്യക്തത തേടുന്നത് വിദ്യാഭ്യാസ മേഖലയിലെ നയംമാറ്റങ്ങളിൽ. യു.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്ത പദ്ധതികളുടെയും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചവയുടെയും ഭാവിയാണ് ഇനിയുള്ള ദിനങ്ങളിൽ ചർച്ചയാകുന്നത്.
ഇതിൽ പി.എം ശ്രീ പദ്ധതി ഇതിനകം ചർച്ചയാവുകയും നയപരമായ തീരുമാനത്തിനായി യു.ഡി.എഫിൽ ചർച്ച ചെയ്യാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും സർക്കാർ തീരുമാനമെടുക്കുക. സ്കൂൾ വിദ്യാഭ്യാസത്തിലെ ലയനം ലക്ഷ്യമിട്ട് എൽ.ഡി.എഫ് സർക്കാർ അംഗീകരിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നയമാണ് മറ്റൊന്ന്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് അറബിക്കടലിൽ എന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.ഡി സതീശൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ ആവർത്തിച്ചുപറഞ്ഞത്.
ഖാദർ കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ ഇതിനകം മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ (ഡി.ജി.ഇ) രൂപവത്കരിച്ചിരുന്നു. ഇതോടൊപ്പം ഹൈസ്കൂളും ഹയർസെക്കൻഡറിയും ഒന്നിച്ച് പ്രവർത്തിക്കുന്നിടത്ത് പ്രിൻസിപ്പലിനെ സ്ഥാപന മേധാവിയാക്കിയും ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലാക്കിയും ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന്റെ പ്രധാന്യം കുറക്കുന്ന നടപടി എന്ന നിലയിൽ യു.ഡി.എഫ് ഇതിനെ ശക്തമായി എതിർത്തിരുന്നു.
പിന്നാലെ മൂന്ന് ഡയറക്ടറേറ്റുകൾക്ക് കീഴിൽ മേഖല, ജില്ല, വിദ്യാഭ്യാസ ജില്ല, ഉപജില്ല തലങ്ങളിലുള്ള ഓഫിസുകളുടെ ഏകീകരണത്തിനായുള്ള ചട്ട, നിയമഭേദഗതികളുടെ കരടും മുൻ സർക്കാർ തയാറാക്കിയിരുന്നു. ഇവ നിയമവകുപ്പിന്റെ പരിഗണനയിലിരിക്കെയാണ് നിയമസഭ തെരഞ്ഞെടുപ്പ് വന്നത്. മുൻ നിലപാട് നടപ്പാക്കുകയാണെങ്കിൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളേണ്ടിവരും. മൂന്ന് ഡയറക്ടറേറ്റുകൾ പുനഃസ്ഥാപിക്കണമോ എന്നതിൽ നയപരമായ തീരുമാനവും വേണ്ടിവരും. ഗുണമേന്മാ വിദ്യാഭ്യാസം എന്ന പേരിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ അടുത്ത വർഷം കൊണ്ടുവരാൻ ലക്ഷ്യമിടുന്ന സബ്ജക്ട് മിനിമം സംബന്ധിച്ചും പുതിയ സർക്കാറിന് തീരുമാനമെടുക്കേണ്ടിവരും.
ഭിന്നശേഷി നിയമനത്തിന്റെ പേരിൽ ആയിരക്കണക്കിന് എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾ തടഞ്ഞ എൽ.ഡി.എഫ് സർക്കാർ നടപടിയിലും പുതിയ സർക്കാറിന് ഇടപെടേണ്ടിവരും. വിരലിലെണ്ണാവുന്ന കുട്ടികളെയും ഇരുത്തി തുടരുന്ന സ്കൂളുകളുടെ കാര്യത്തിലും പുതിയ സർക്കാറിന് തീരുമാനമെടുക്കേണ്ടിവരും. 25ൽ താഴെ കുട്ടികളുമായി പ്രവർത്തിക്കുന്ന 1363 സ്കൂളുകൾ സംസ്ഥാനത്തുണ്ട്. ഇതിൽ 282 സ്കൂളുകളിൽ പത്തിൽ താഴെ വിദ്യാർഥികളാണുള്ളത്. വിദ്യാർഥികൾക്കും അധ്യാപകർക്കും കോടികളുടെ കുടിശിക വരുത്തിയാണ് പിണറായി സർക്കാർ അധികാരമൊഴിഞ്ഞത്. എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് ഇനത്തിൽ കോടികളുടെ കുടിശികയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.