എലത്തൂർ എം.എല്‍.എ വിദ്യാ ബാലകൃഷ്ണൻ

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം; അന്വേഷണ സംഘം ഡൽഹിയിൽ

കോഴിക്കോട്: എലത്തൂർ എം.എല്‍.എ വിദ്യാ ബാലകൃഷ്ണനോട് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിമുറുക്കി കേരള പൊലീസ്. വ്യാജ മേല്‍വിലാസം സ്ഥിരീകരിക്കുന്നതിനും പ്രതികളിലേക്ക് എത്തുന്നതിനുമായി അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു. കോഴിക്കോട് സിറ്റി പൊലീസിലെ സൈബര്‍ ക്രൈം അസിസ്റ്റന്റ് കമീഷണര്‍ എസ്.എം. പ്രദീപ് കുമാറിനാണ് അന്വേഷണച്ചുമതല.

മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസഭ പുനഃസംഘടനയിൽ മന്ത്രിയാക്കാമെന്ന് വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ ക്ക് ‘വാഗ്ദാനം’ചെയ്‌തെന്ന പരാതിയിലാണ് സൈബർ പൊലീസ് അന്വേഷണമാരംഭിച്ചത്. എം.എൽ.എക്ക് വന്ന ഫോൺ നമ്പറിന്റെ കോൾ ഡീറ്റൈയിൽ റെക്കോർഡ് (സി.ഡി.ആർ) പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽനിന്ന് ഡൽഹിയിൽ നിന്നാണ് ഫോൺ കോൾ വന്നതെന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. വയനാട് എം.പിയുടെ ഓഫിസിൽനിന്ന് രാജ്കുമാർ എന്നയാളാണെന്നു പരിചയപ്പെടുത്തിയാണ് ഈ മാസം ആറിന് എം.എൽ.എക്ക് വാട്‌സ്ആപ്പിൽ കാൾ വന്നത്. ജില്ലയിലെ ഒരു എം.പിയാണ് ഫോൺ നമ്പർ തന്നതെന്നാണ് പറഞ്ഞത്. മന്ത്രിയാക്കാനുള്ള നടപടിക്രമങ്ങൾ വിവരിച്ച് 10 മിനിറ്റോളം ഇംഗ്ലീഷിലാണ് സംസാരിച്ചത്. സംശയം തോന്നിയ എം.എൽ.എ പണം പിന്നീട് നൽകാമെന്നു മറുപടി നൽകുകയായിരുന്നു.

എ.ഐ.സി.സി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ ഫോൺ നമ്പർ വാങ്ങിയതായും എം.പിയും അറിയിച്ചു. ഇതോടെ പ്രിയങ്ക ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫിസുമായും പാർട്ടി ആസ്ഥാനവുമായും ഇരുവരും ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചത്.

ഫോണ്‍ വിളിയിലെ തട്ടിപ്പ് തിരിച്ചറിയാന്‍ സഹായിച്ചത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഓഫിസിന്റെ അതിവേഗത്തിലുള്ള ഇടപെടലാണ്. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ പ്രിയങ്ക ഗാന്ധി വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. തനിക്ക് വന്ന വ്യാജ കോളിലെ ശബ്ദവും രാജ്കുമാറിന്റെ യഥാർഥ ശബ്ദവും വിദ്യാ ബാലകൃഷ്ണന്‍ തിരിച്ചറിഞ്ഞതോടെ തട്ടിപ്പ് കൃത്യമായി ബോധ്യപ്പെട്ടു. തുടർന്ന് വിദ്യ ബാലകൃഷ്ണന്‍ കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ എ.പി. ഷൗക്കത്തലിക്ക് നേരിട്ട് പരാതി നല്‍കി. ആള്‍മാറാട്ടം നടത്തി വഞ്ചിക്കാന്‍ ശ്രമിച്ചതിനും ഐ.ടി. നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Tags:    
News Summary - Attempted fraud by promising ministerial position; Investigation team in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.