തിരുവനന്തപുരം: ബി.ജെ.പിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിന് തെളിവായി കൂടുതൽ ശബ്ദരേഖകള്‍ പുറത്ത്. കൊടികള്‍ വാങ്ങിയതിന് സംസ്ഥാന സെക്രട്ടറിക്ക് 31 ലക്ഷം രൂപ നൽകിയെന്ന്, കമീഷന്‍ നല്‍കിയ സ്ഥാപനത്തിന്‍റെ പ്രതിനിധി സ്ഥിരീകരിക്കുന്നതും തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിലെ കട്ടൗട്ടിന്‍റെ പേരില്‍ വ്യാജബില്ലുണ്ടാക്കി 16 ലക്ഷം രൂപ വീതിച്ചെടുക്കാമെന്ന് സംസ്ഥാന സമിതിയംഗം പറയുന്നതുമായ ശബ്ദരേഖയാണ് പുറത്തുവന്നത്.
കൊടികളും കട്ടൗട്ടുകളുമെല്ലാം ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള ആയുധമാക്കി നേതാക്കൾ മാറ്റിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ദേശീയ നേതൃത്വം കൊടികള്‍ നൽകിയെങ്കിലും കാലതാമസം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വം സ്വന്തം നിലയിൽ തെരഞ്ഞെടുപ്പ് കാലത്ത് കൊടികള്‍ വാങ്ങിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇടപാടുമായി ബന്ധപ്പെട്ട് 31 ലക്ഷം രൂപ സംസ്ഥാന സെക്രട്ടറി മുന്‍കൂറായി കമീഷന്‍ വാങ്ങി. എന്നിട്ട് കൊടിയുടെ വിലയായി കൊടുക്കാന്‍ കുടിശ്ശികയുള്ള തുക ചോദിക്കുമ്പോള്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്ന് പറയുന്നതാണ് ഒരു ശബ്ദരേഖ. പ്രധാനമന്ത്രിയുടെ കട്ടൗട്ടില്‍നിന്ന് കൈയിട്ട് വാരിയെന്ന് സൂചിപ്പിക്കുന്നതാണ് അടുത്ത ശബ്ദരേഖ.
നരേന്ദ്ര മോദിയുടെ 8000 കട്ടൗട്ടിന് 16 ലക്ഷം രൂപക്ക് ബില്ലുണ്ടാക്കും. എട്ടു ലക്ഷം രൂപ പ്രിന്‍റിങ് കൂലി. ബാക്കി കീശയിലേക്ക് പോയെന്നാണ് ആക്ഷേപം. ബി.ജെ.പി ദേശീയ സംഘടന ജനറല്‍ സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടിയ തട്ടിപ്പിന്‍റെ തെളിവുകളാണ് പുറത്തുവരുന്നത്. എന്നിട്ടും തട്ടിപ്പില്ലായെന്ന വാദത്തില്‍ ഉറച്ചുനിൽക്കുകയാണ് നേതൃത്വം. അതിനിടെ വിഷയം വിവാദമായ സാഹചര്യത്തിൽ എല്ലാ മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗം സംബന്ധിച്ച് ബി.ജെ.പിയിൽ സ്പെഷൽ ഓഡിറ്റ് ആരംഭിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.