കണ്ണൂർ: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രമുൾപ്പെടെ അഴിപ്പിച്ച സംഭവത്തിൽ നാല് അധ്യാപികമാരെ സസ്പെൻഡ് ചെയ്തു. കുഞ്ഞിമംഗലം കുവ്വപ്പുറത്തെ ടിസ്ക് സ്കൂളിൽ കുട്ടികളുടെ ദേഹപരിശോധന ചുമതലയുണ്ടായിരുന്ന ഷീജ, സഫീന, ബിന്ദു, ഷാഹിന എന്നിവരെയാണ് അന്വേഷണവിധേയമായി ഒരു മാസത്തേക്ക് സ്കൂൾ മാേനജ്മെൻറ് സസ്പെൻഡ് ചെയ്തത്. അതേസമയം, ദേഹപരിശോധനക്കിരയായ ചെറുവത്തൂർ സ്വദേശിനിയായ വിദ്യാർഥിനിയുടെ മൊഴിയനുസരിച്ച് പരിയാരം പൊലീസ് കേസെടുത്തു.
സ്കൂളിലെ പരീക്ഷാനടത്തിപ്പ് രേഖകൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് കണ്ണൂർ വനിതാ സെൽ സി.െഎ കമലാക്ഷി ചെറുവത്തൂരിലെ വീട്ടിലെത്തിയാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പരാതിക്കിടയാക്കിയ സ്കൂളിനോട് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതിനും മാപ്പ് പറയുന്നതിനും സി.ബി.എസ്.ഇ നിർദേശം നൽകിയിരുന്നു.
മാട്ടൂൽ സഫ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപികമാരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. പരീക്ഷ നടന്ന ടിസ്ക് സ്കൂളും സസ്പെൻഷനിലായ അധ്യാപകരുടെ സഫ സ്കൂളും മാട്ടൂൽ മൻശഅ് തസ്കിയത്തി സുന്നിയ്യത്തുൽ ഇസ്ലാമിയക്ക് കീഴിലുള്ളതാണ്. ‘മൻശഅി’ന് കീഴിലുള്ള ടിസ്ക് സ്കൂളിൽ പരീക്ഷ നടത്തുന്നതിന് ആവശ്യമായ അധ്യാപകെര സഫ സ്കൂളിൽനിന്ന് നിയോഗിച്ചതായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നീറ്റ് പരീക്ഷ സെൻററുകളിലൊന്നായ ടിസ്ക് സ്കൂളിൽ 240 കുട്ടികളാണ് പരീക്ഷ എഴുതിയത്. മെറ്റൽ ഡിറ്റക്ടറിൽ ബീപ് സൗണ്ട് കേട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ അടിവസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.
വസ്ത്രത്തിലെ ലോഹനിർമിതമായ ഹൂക്ക് കാരണമാണ് ശബ്ദമുണ്ടായത്. പരീക്ഷാസമയം അടുത്തതിനാൽ ശുചിമുറിയിലോ മറയുള്ള മറ്റിടങ്ങളിലോ പോകാൻപോലും സമ്മതിക്കാതിരുന്നതിനാൽ, കുട്ടി അവിടെ നിന്നുതന്നെ വസ്ത്രം ഉൗരിമാറ്റുകയായിരുന്നു. ദേഹപരിശോധന വ്യാപകമായ പ്രതിഷേധമുയർത്തിയ സാഹചര്യത്തിൽ ചൊവ്വാഴ്ച ചേർന്ന മാനേജ്മെൻറ് കമ്മിറ്റിയുടെ അടിയന്തര മീറ്റിങ്ങിലാണ് അധ്യാപികമാരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. അധ്യാപകരിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.