കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോൽക്കുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുന്ന സ്പീഡ് ആണ് 110 എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനവും പിന്നീട് ഭൂരിപക്ഷ പ്രീണനവും നടത്തിയ സി.പി.എമ്മിന് ഇപ്പോള്‍ രണ്ടു കൂട്ടരും ഇല്ലാത്ത അവസ്ഥയാണ്. 42 വര്‍ഷം ജമാഅത്തെ ഇസ് ലാമിയെ ഒപ്പം കൊണ്ടു നടന്ന എം.വി. ഗേവന്ദന്‍ മറവിരോഗം നടിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
ഗോവിന്ദന്‍ മാഷിന് മറവി രോഗമുണ്ട്. 42 വര്‍ഷം ജമാഅത്തെ ഇസ് ലാമി സി.പി.എമ്മിനൊപ്പമായിരുന്നു. നിരവധി തവണ ജമാഅത്തെ ഇസ് ലാമി പിന്തുണയില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് എം.വി. ഗോവിന്ദനും പിണറായി വിജയനും. ജമാഅത്തെ ഇസ് ലാമിയെ ന്യായീകരിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പും ദേശാഭിമാനിയുടെ എഡിറ്റോറിയലും ഗോവിന്ദന് അയച്ചു കൊടുക്കാം. മനഃപൂര്‍വമായ മറവി വന്നാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. മറവിയുള്ളതു പോലെ അഭിനയിക്കുകയാണ്. നാല്‍പ്പത്തിരണ്ട് വര്‍ഷം ജമാഅത്തെ ഇസ് ലാമിയെ തോളില്‍ വച്ച് കൊണ്ടു നടന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഇതൊക്കെ ജനങ്ങളുടെ മനസിലുണ്ട്.
നേതാക്കളെല്ലാം പരസ്യമായി വേദി പങ്കിട്ടതുമൊക്കെ എങ്ങനെയാണ് പരസ്യമായി മറക്കുന്നത്? അവര്‍ ഞങ്ങള്‍ക്ക് പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ 42 വര്‍ഷം മതേതരവാദികളായിരുന്നവര്‍ പെട്ടന്ന് വര്‍ഗീയവാദിയാകുന്നത് എങ്ങനെയാണ്. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ എല്ലായിട്ടും ഉണ്ടായതു പോലെ കേരളത്തില്‍ സംഘര്‍ഷം ഉണ്ടായില്ലെന്നും അത് തടഞ്ഞത് ശിഹാബ് തങ്ങളാണെന്നും പറഞ്ഞ് പിണങ്ങിപ്പോയവരെ കക്ഷത്തില്‍ വച്ചിട്ടാണ് ഞങ്ങളെ വര്‍ഗീയത പഠിപ്പിക്കാന്‍ വരുന്നത്.
വര്‍ഗീയത പഠിപ്പിക്കാന്‍ ഇങ്ങോട്ട് വരേണ്ട. സി.പി.എമ്മിന് ഇരട്ടത്താപ്പാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ പ്രീണനമായിരുന്നു. പിന്നീട് ഭൂരിപക്ഷ പ്രീണനമായി. ഇപ്പോള്‍ രണ്ടു കൂട്ടരും ഇല്ലാത്ത അവസ്ഥയാണ്. ഇപ്പോള്‍ മൊത്തത്തില്‍ കണ്‍ഫ്യൂഷനാണ്. ഇപ്പോള്‍ എന്താണ് പറയുന്നത്, എന്താണ് പ്രവര്‍ത്തിക്കുന്നത് എന്നൊക്കെ അറിയാത്ത അവസ്ഥയിലാണ്. പണ്ട് പറഞ്ഞതൊക്കെ മറന്നതായി അഭിനയിക്കുകയാണ്.
ഞങ്ങള്‍ നൂറ് സീറ്റില്‍ അധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ ഗോവിന്ദന്‍ മാഷിനെ പോലെ ഒരാള്‍ക്ക് സാധിക്കില്ല. പിണറായി വിജയന്‍ പറഞ്ഞതു പോലെ എം.വി. ഗോവിന്ദനും 110 ആക്കാം. 110 എന്നത് തോറ്റു കഴിയുമ്പോള്‍ കണ്ടം വഴി ഓടുന്ന സ്പീഡാണെന്ന് ഒരു ട്രോള്‍ ഇറങ്ങിയിട്ടുണ്ട്. പുതുയുഗ യാത്രയിലൂടെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നാടിന്റെ ഭാവിയെ കുറിച്ചും കേരളത്തിലെ പുത്തന്‍ പദ്ധതികളെ കുറിച്ചുമാണ് പറയുന്നത്. അതിനെ കുറിച്ച് 30 ദിവസം കഴിയുമ്പോള്‍ എം.വി. ഗോവിന്ദന് മനസിലാകും. അദ്ദേഹം ഞങ്ങളുടെ യാത്രയെ ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹം നല്‍കുന്ന ഉപദേശം കൂടി ഞങ്ങള്‍ സ്വീകരിക്കാം.
എല്ലാ സംഘടനകള്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു സമുദായ സംഘടനകളുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല. എല്ലാവരും ഒന്നിച്ച് നടക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിലൊന്നും അഭിപ്രായം പറയല്‍ പ്രതിപക്ഷ നേതാവിന്റെ ജോലിയല്ല. എന്‍.എസ്.എസിലും എസ്.എന്‍.ഡി.പിയും എന്തെങ്കിലും നടന്നാല്‍ മാധ്യമങ്ങള്‍ എന്റെ അടുത്തേക്ക് വരും. അതിലൊന്നും അഭിപ്രായം പറയാണ്ട ആളല്ല ഞാന്‍. സംഘടനകളിലെ ആഭ്യന്തര കാര്യങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.