കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ തകർന്ന കുപ്പം
സി.എച്ച് റോഡിലെ ചളി നീക്കംചെയ്യുന്നു
തളിപ്പറമ്പ് (കണ്ണൂർ): കുപ്പത്ത് ദേശീയപാത നിർമാണത്തിൽ അപാകതയുണ്ടെന്ന് സമ്മതിച്ച് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) റെസിഡന്റ് എൻജിനീയർ. മണ്ണൊലിച്ചെത്തി വീടുകളിൽ ചളി നിറഞ്ഞുണ്ടായ ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനക്ക് വ്യാഴാഴ്ച കുപ്പത്ത് എത്തിയപ്പോഴാണ് വിശദ പദ്ധതി റിപ്പോർട്ടിലെ (ഡി.പി.ആർ) പ്രശ്നങ്ങൾ എൻജിനീയർ മനോജ് കുമാർ തുറന്നു സമ്മതിച്ചത്. വീടുകളിലേക്ക് മണ്ണൊലിച്ചെത്തുന്നത് തടയാൻ ആവശ്യമായത് ചെയ്യുമെന്നും ജനത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളം വീടുകളിലേക്ക് ഒഴുകിയെത്താതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മണ്ണ് നിറച്ച ചാക്കുകൾ കൊണ്ട് സംരക്ഷണഭിത്തിയും നിർമിച്ചിട്ടുണ്ട്. വലിയ അളവിൽ വെള്ളം എത്താതിരിക്കാൻ പ്രവൃത്തി നടക്കുന്ന ഭാഗത്തുനിന്ന് തിരിച്ചുവിടാനുള്ള സാധ്യത പരിശോധിക്കും. മണ്ണൊലിപ്പ് തടയാനുള്ള കാര്യങ്ങൾ ചെയ്യും. ഇതിനെല്ലാം സമയം ആവശ്യമാണ്. വീട്ടുകാരുടെ സുരക്ഷക്ക് ആവശ്യമായത് ചെയ്തിട്ടുണ്ട്. താൽക്കാലികമായി ചെയ്യാനുള്ള കാര്യങ്ങൾ 27നകം തീർക്കാൻ ശ്രമിക്കും.
സി.എച്ച് നഗറിലേക്ക് ഉണ്ടായിരുന്ന ചെറിയ നീർചാലിന്റെ ഒഴുക്ക് തടഞ്ഞതല്ല പ്രശ്നങ്ങൾക്ക് കാരണം. സർക്കാർ തയാറാക്കിയ പദ്ധതിരേഖ നടപ്പാക്കുക മാത്രമാണ് തങ്ങളുടെ കടമ. വലിയ അളവിൽ വെള്ളം ഒഴുകിയെത്തിയാൽ അത് ഉൾക്കൊള്ളാനുള്ള െഡ്രയ്നേജ് സംവിധാനം ഇവിടെയില്ല. അതിനാൽ കുപ്പം പുഴയിലേക്ക് വെള്ളം തിരിച്ചുവിടാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. നിർമാണ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ല. എൻ.എച്ച്.എ.ഐ ഡിസൈൻ ചെയ്ത കാര്യങ്ങൾ കമ്പനി നടപ്പാക്കുകയാണ്. ഡി.പി.ആറിൽ ന്യൂനതയുണ്ട്.
കൃത്യമായ സ്ഥലങ്ങളിൽ കൽവർട്ടറുകൾ ഇല്ല. ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ ആവശ്യമായ സ്ഥലങ്ങളിൽ അണ്ടർപാസ് ഇല്ല. എന്തടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഡി.പി.ആർ തയാറാക്കിയതെന്ന് അറിയില്ല. ന്യൂനതകൾ പരിഹരിച്ച് നിർമാണം നടത്താനുള്ള ശ്രമത്തിലാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കും. റോഡരികിൽ മണ്ണിടിച്ചിൽ ഉണ്ടെങ്കിലും അപകട ഭീഷണിയില്ല. കുന്നിടിച്ച സ്ഥലത്തുനിന്ന് റോഡിലേക്ക് ആവശ്യമായ അകലമുണ്ടെന്നും എൻ.എച്ച്.എ.ഐ റെസിഡന്റ് എൻജിനീയർ പറഞ്ഞു.
എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ, പഞ്ചായത്ത് അംഗങ്ങളായ പി.വി. അബ്ദുൽ ഷുക്കൂർ, പി.വി. സജീവൻ, വില്ലേജ് ഓഫിസർ പി.വി. വിനോദ് എന്നിവരും നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു.
അതിനിടെ, കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പെയ്ത കനത്ത മഴയിൽ ചളിവെള്ളവും മണ്ണും ഒലിച്ചെത്തി തകർന്ന സി.എച്ച് റോഡ് ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തി കരാറുകാർ നടത്തി. റോഡിലെയും ഓവുചാലിലെയും ചളി നീക്കംചെയ്യുകയായിരുന്നു. വീട്ടിനുള്ളിൽ കയറിയ ചളി നാട്ടുകാരുടെ നേതൃത്വത്തിലും വൃത്തിയാക്കി.
കൊല്ലം: സംസ്ഥാന സർക്കാറിനോ പൊതുമരാമത്ത് വകുപ്പിനോ ദേശീയപാത നിർമാണത്തിൽ ഒരു തരത്തിലുള്ള പങ്കാളിത്തവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ചിലയിടത്ത് പ്രശ്നങ്ങളുണ്ടായപ്പോൾ എൽ.ഡി.എഫിന്റെ മേൽ പഴിചാരാനാണ് ചിലർ ശ്രമിക്കുന്നത്. കുറ്റപ്പെടുത്താൻ അവസരം ലഭിച്ചവർ അത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ദേശീയപാത നിർമാണത്തിന്റെ ‘അ‘ മുതൽ ‘ഷ’ വരെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ദേശീയപാത അതോറിറ്റിയാണ്. അതിനാലാണ് നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ നടപടികളിലേക്ക് നീങ്ങിയത്. എൽ.ഡി.എഫ് വന്നില്ലായിരുന്നെങ്കിൽ ദേശീയപാത യാഥാർഥ്യമാകില്ലായിരുന്നു. എൽ.ഡി.എഫ് സ്ഥലമേറ്റടുത്തതു കൊണ്ടല്ലേ റോഡ് പണി നടന്നതെന്ന് ചോദിക്കാം. ആ അർഥത്തിൽ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. സ്ഥലമേറ്റെടുത്ത് നൽകിയത് നാടിനോടുള്ള ഉത്തരവാദിത്തം കൊണ്ടാണ്. അതിൽ ഒരു പിഴവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം: ദേശീയപാത നിർമാണത്തിനായി നിക്ഷേപിച്ച മണ്ണിന്റെ ഭാരം താങ്ങാൻ അടിത്തറയിലെ മണ്ണിന് ശേഷിയില്ലാതിരുന്നതാണ് മലപ്പുറം കൂരിയാട്ട് റോഡിടിയാൻ കാരണമെന്ന് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക റിേപ്പാർട്ട്. ബുധനാഴ്ച സ്ഥലം സന്ദർശിച്ച ജിയോ ടെക്നിക് കൺസൾട്ടന്റുമാരായ ഡോ. അനിൽ ദീക്ഷിത്, ഡോ. ജിമ്മി തോമസ് എന്നിവരാണ് തകർച്ചയുടെ കാരണങ്ങളിലേക്ക് വിരൽ ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയത്. കൂരിയാട്ടെ റോഡിലുണ്ടായ തകർച്ച പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ദേശീയപാത അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
തകർച്ചയുെട കാരണം വിശകലനം ചെയ്യാനും പരിഹാര നടപടികൾ നിർദ്ദേശിക്കാനുമായി ഡൽഹി ഐ.ഐ.ടിയിൽ നിന്നുള്ള റിട്ട. പ്രഫസർമാരുടെ മേൽനോട്ടത്തിലാണ് പഠനം നടത്തുന്നത്. കേരളത്തിൽ നടക്കുന്ന മറ്റ് പദ്ധതികളിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ വിദഗ്ധ സംഘം നിർദ്ദേശിക്കും. സംസ്ഥാനത്ത് നടപ്പാക്കുന്ന മറ്റ് പദ്ധതികളിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ പ്രത്യേകം മാർഗനിർദ്ദേശം പുറപ്പെടുവിക്കുമെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.