ഡിജെ പാട്ടിനൊപ്പം ദേശീയപതാകയെ അപമാനിച്ച് നൃത്തം; കെ. സുരേന്ദ്രൻ പ​​ങ്കെടുത്ത പരിപാടിക്കെതിരെ പരാതി

പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട്‌ നഗരത്തിൽ യുവമോര്‍ച്ച നടത്തിയ തിരംഗ യാത്രയില്‍ ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. റോഡിൽ ഡിജെ പാട്ടിനൊപ്പം പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ദേശീയപതാക വീശിയ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇത് സഹിതമാണ് ദേശീയപതാകയെ ദുരുപയോഗം ചെയ്ത് അപമാനിച്ചതിനെതി​രെ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി പൊലീസിൽ പരാതി നൽകിയത്.

പ്രകടനത്തിന്റെ മുൻനിരയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. വിക്ടോറിയ കോളജ് പരിസരത്തുനിന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം തുടങ്ങിയത്. ഇതിന്റെ ഫോട്ടോകൾ സുരേ​ന്ദ്രൻ അടക്കമുള്ളവർ ഇന്നലെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അതേസമയം, യുവമോർച്ച പരസ്യമായി നിയമം ലംഘിച്ചിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രകടനത്തിൽ പ​ങ്കെടുത്തവർ ദേശീയപതാകയോട് അനാദരവോടെയാണ് പെരുമാറിയതെന്ന് ഇവർ പറഞ്ഞു.

ദേശീയപതാകയോടുള്ള അനാദരവിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം 

പാലക്കാട്‌ എസ് പി, നോർത്ത് പോലീസ് ഇൻസ്‌പെക്ടർ എന്നിവർക്കാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. ദേശീയപതാകയോടുള്ള അനാദരവിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഫെബിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.

സംസ്ഥാന നിർവാഹക സമിതി അംഗം എം. പ്രശോഭ്, ജില്ലാ ഭാരവാഹികളായ വിനോദ് ചെറാട്, സി വിഷ്ണു, സി നിഖിൽ, ജിതേഷ് നാരായണൻ, പ്രതീഷ് മാധവൻ നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെ. സദ്ദാം ഹുസൈൻ, ഷഫീക്ക് അത്തിക്കോട്, രതീഷ് തസ്രാക്ക്,കെ എസ്. യു ജില്ലാ പ്രസിഡന്റ് കെഎസ് ജയഘോഷ് എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - National flag desecration dance with DJ song in Yuva Morcha march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.