വഖഫ് നിയമനം: കെ.ടി ജലീൽ മുസ്​ലിം സംഘടനകൾക്കിടയിൽ ധ്രുവീകരണം ഉണ്ടാക്കുന്നുവെന്ന് സമസ്ത

കോഴിക്കോട്: മുൻ മന്ത്രി കെ.ടി ജലീലിനും മന്ത്രി വി. അബ്ദുറഹ്മാനും എതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്​ലിം സംഘടനകൾക്കിടയിൽ ധ്രുവീകരണം ഉണ്ടാക്കുകയാണ് ജലീലിന്‍റെ പണിയെന്ന് നാസർ ഫൈസി കുറ്റപ്പെടുത്തി.

വഖഫ് നിയമനം പി.എസ്.സിക്ക് കൈമാറിയതിന് പിന്നിൽ ജലീലിന് ചില അജണ്ടകളുണ്ട്. ജലീലിന്‍റെ കൈയിലെ പാവയായി മന്ത്രി വി. അബ്ദുറഹ്മാൻ മാറി. ജലീലിന്‍റെ അജണ്ട നടപ്പാക്കാൻ ഇടത് സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും നാസർ ഫൈസി പറഞ്ഞു.

ഒരു സമുദായത്തെ നിരന്തരം വേട്ടയാടുകയും അവഗണിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇത് വലിയ വിപത്ത് സർക്കാറിന് വിളിച്ചു വരുത്തും. ജലീലിന്‍റെ അജണ്ടകൾക്ക് മന്ത്രി അബ്ദുറഹ്മാൻ കൂട്ടുനിൽക്കുന്നു. വഖഫ് വിഷയത്തിൽ നിലപാട് പറയേണ്ടത് വകുപ്പ് മന്ത്രിയാണ്.

മന്ത്രി അബ്ദുറഹ്മാനെ പാവയാക്കി ജലീൽ വകുപ്പ് കൈകാര്യം ചെയ്യുന്നത് കേരളത്തിന് അപമാനമാണ്. മുസ്​ലിം സമുദായത്തിന്‍റെ അട്ടിപ്പേറവകാശം ജലീൽ ഏറ്റെടുക്കുകയാണ്. അതിന്‍റെ ഉദാഹരണമാണ് അവശ്യമില്ലാത്ത സമയത്ത് അനാവശ്യ വാദങ്ങളുമായി ജലീൽ രംഗത്തു വരുന്നതെന്നും നാസർ ഫൈസി കൂടത്തായി മീഡിയവൺ അഭിമുഖത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയും നാസർ ഫൈസി കൂടത്തായി ജലീലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പരസ്യ വിമർശനവുമായി സമസ്ത നേതാവ് രംഗത്തുവന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

വഖഫ് ബോർഡ്: "വൈരുദ്ധ്യാധിഷ്ഠിത " ജലീലിയൻ വങ്കത്തം

വഖഫ് ബോർഡ് നിയമനത്തിൽ PSC ക്ക് വിടാനും ദേവസ്വം ബോർഡ് വിടാതിരിക്കാനുമുള്ള ന്യായമായി മുൻ മന്ത്രി ജനാബ് ജലീൽ MLA നിരത്തുന്ന കാര്യങ്ങൾ ഹിമാലയൻ വങ്കത്തമാണ്.

1. ദേവസ്വം ബോർഡിൽ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് സംവരണം നടക്കുന്നുണ്ട്, PSC യിൽ അതിന് കഴില്ല എന്ന് ബഹു: ജലീൽ ന്യായം കാണുമ്പോൾ അദ്ദേഹം തന്നെ അവസാനത്തിൽ എഴുതുന്നു ഇനി ദേവസ്വം ബോർഡും PSC ക്ക് വിടുമെന്ന്.അതായത് ദേവസ്വം ബോർഡിലെ ജാതി സംവരണാനുകൂല്യം തടയുമെന്നോ?.അല്ലെങ്കിൽ PSC യെ ജാതിസംവരണ വിധേയമാക്കുമെന്നോ?. PSC യിൽ സംവരണം കൊണ്ടുവരികയാണെങ്കിൽ അതല്ലേ ആദ്യം ശ്രമിക്കേണ്ടത്. അതില്ലാതെ ദേവസ്വം ബോർഡിൽ വിശ്വാസികളായവർക്ക് മാത്രമുള്ള റിക്രൂട്ട്മെൻ്റ് സമിതിയെ നിശ്ചയിച്ച് വിശ്വാസത്തെ സംരക്ഷിച്ചതോ?

ജലീൽ സാർ ഒന്നോർക്കണം,എൽ പി സ്കൂളിലെ കുട്ടിയുടെ വാശിയല്ലിത്. അവർക്കുണ്ടോ ഞങ്ങൾക്കും വേണമെന്നല്ല;ഞങ്ങൾക്കില്ലല്ലോ അവർക്കും വേണ്ടാ എന്നുമല്ല.മറിച്ച് ഇരട്ട നീതിയെ കുറിച്ച വിമർശനമാണത്.

ദേവസ്വം ബോർഡിൽ വിശ്വാസികൾക്ക് (നിരീശ്വരവാദികടന്നു വരാതെ) പ്രൊട്ടക്ഷൻ റിക്രൂട്ട്മെൻ്റ് സമിതി വെച്ചത് പോലെ വഖഫ് ബോർഡിലും ആയിക്കൂടേ?.വിശ്വാസി പിന്നെ അവിശ്വാസി ആയിക്കൂടേ എന്ന് ചോദിക്കാൻ അവിടെ ആളുണ്ടാവില്ല.

മുസ്ലിംകളിൽ ജാതി സമ്പ്രദായം ഇല്ലാത്തതാണോ PSC യെ അടിച്ചേൽപ്പിക്കാൻ വഴിയായത്? .ജാതീയത ഒരു യാഥാർത്ഥ്യമാണെന്ന് ഇ.എം.എസ് വേദങ്ങളുടെ നാട് എന്ന പുസ്തകത്തിൽ എഴുതിയതിലെ അർത്ഥം ?ജാതീയത അനുഗ്രഹമാണെന്ന് ജലീൽ പറഞ്ഞ് തരികയാണ്.

2. വഖഫ് ബോഡിലേക്ക് ഇപ്പോൾ നടക്കുന്ന എംപ്ലോയ്മെൻ്റ് എക്സേഞ്ചിലൂടെയുള്ള നിയമനത്തിന് മുസ്ലിംകളിലെ വിശ്വാസിയേയും അവിശ്വാസിയേയും വേർതിരിക്കുന്ന "മാപിനി "ഏതാണ്? എന്നും വിശ്വാസിജോലിയിൽ കയറിയാൽ അവിശ്വാസി ആവില്ലേ എന്നും ബഹു: ജലീൽ ചോദിക്കുന്നു.

എങ്കിൽ തിരിച്ചൊരു ചോദ്യം: മുസ്ലിംകൾക്ക് മാത്രമേ PSC വഴിയും ബോർഡിൽ ജോലി നൽകൂ ,അമുസ്ലിമിന് ബോർഡ് നിയന്ത്രിക്കാൻ അവസരം നൽകില്ലെന്നാണല്ലോ സർക്കാർ പറയുന്നത്. ഒരു PSC മുസ്ലിം ബോർഡിൽ കയറിയ ശേഷം അയാൾ മതം മാറിയാൽ അയാളെ ഒഴിവാക്കാൻ എന്ത് മാനദണ്ഡമാണ് സർക്കാറിലുള്ളത് എന്നറിയാൻ താല്പര്യമുണ്ട്. കഴിയില്ലെങ്കിൽ ഈ "ഉറപ്പി" ൽ എന്ത് ഉറപ്പാണുള്ളത്?

അവിടെ താങ്കൾ ഉപയോഗിക്കുന്ന 'മാപിനി' എന്താണോ അത് PSC രഹിത സംവിധാനത്തിലും ഉപയോഗിച്ചാൽ മതിയാകും.

ജലീൽ സാറേ, ദേവസ്വം ബോഡിൽ വിശ്വാസിക്ക് മാത്രം (മാപിനി വെച്ച് നിർണയിച്ചത്) പ്രവേശനത്തിന് റിക്രൂട്ട്മെൻറ് സമിതി ഉള്ള പോലെ വഖഫ് ബോർഡിലും സമിതിയാവാമെന്നാണ് ഞങ്ങൾ പറയുന്നത്. ആയ ശേഷം മാറിയാലോ എന്ന ഹിമാലയൻ സാങ്കൽപ്പിക ചോദ്യം ദേവസ്വം ബോർഡിൽ സമിതി ഉണ്ടാക്കിയ വരോടും ഒന്ന് ചോദിച്ചോളൂ.

ഞങ്ങൾ പറയുന്നത് വളരെ കൃത്യമാണ്: വഖഫ് ബോഡ് PSC ക്ക് വിട്ട പോലെ ദേവസ്വം ബോഡും വിടണമെന്നല്ല, ദേവസ്വം ബോർഡ് വിശ്വാസിക്ക് സുരക്ഷിതമാക്കിയ പോലെ വഖഫ് ബോർഡും നിലനിർത്തണമെന്നാണ്.

പിന്നെ വകുപ്പ് മന്ത്രി ബഹു: അബ്ദുറഹിമാനെ നോക്കുകുത്തിയാക്കി ജലീൽ വകുപ്പ് നിയന്ത്രിക്കുന്നത് ചില താല്പര്യസംരക്ഷണമാണ് എന്നറിയാം.

Tags:    
News Summary - Nasar Faizy Koodathai attack to kt jaleel, v abdurahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.