ശ്രീനാരായണ ഗുരുവിനെ റാഞ്ചാൻ മോദി ശ്രമിക്കുന്നു; ലേഖനവുമായി കോടിയേരി

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ റാഞ്ചി തീവ്ര വർഗ്ഗീയതയുടെ ഇരിപ്പിടത്തിൽ ഉറപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗുരുവിൽ ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കാൻ മോദി ശ്രമിക്കുന്നു. ഗുരുവിന്റെ പേര് മുസ്‍ലിം വിരുദ്ധ വർഗീയ ലഹളക്ക് ഉപയോഗിക്കുന്നെന്നും കോടിയേരി വിമർശിച്ചു.

ദേശാഭിമാനി ദിനപത്രത്തിൽ 'മോദിയുടെ ഗുരുനിന്ദ' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട് രണ്ട് ആഘോഷത്തിന്റെ ഉദ്ഘാടനം ഡൽഹിയിൽ നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ച ഗുരുദർശനവും കാഴ്ചപ്പാടും ഒരേ സമയം കൗതുകകരവും അപകടകരവുമാണ് എന്നു പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്.

'ഗുരുവിനെ ആദരിക്കുന്നുവെന്ന് വരുത്തി സംഘ പരിവാറിന്റെ ആശയങ്ങളെ ഒളിച്ച് കടത്താൻ ശ്രമിക്കുകയാണ്. ഗുരുവും സംഘ പരിവാർ ആശയങ്ങളും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള സാമ്യം മാത്രമേയുള്ളൂ. ഗുരുചിന്തയോട് കൂറ് ഉണ്ടെങ്കിൽ മുസ്‍ലിം വേട്ട നടക്കുന്ന ബുൾഡോസർ രാജിനെ തള്ളിപ്പറയണം. ഏകീകൃത സിവിൽകോഡ് കൊണ്ടുവന്ന് ഭരണഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും' കോടിയേരി ലേഖനത്തിൽ പറയുന്നു.

'സംഘപരിവാറിന്റെ ഏകീകൃത സിവിൽ കോഡ്, ഭരണഘടനയുടെ 25-ാം വകുപ്പ് ഉറപ്പുതരുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കി ഹിന്ദുമതത്തിന്റെ നിയമസംഹിതകൾ എല്ലാ മതവിഭാഗത്തിനുംമേൽ അടിച്ചേൽപ്പിക്കാനുള്ളതാണ്. ഇതിനുവേണ്ടി 'ബുൾഡോസർരാജ്' നടപ്പാക്കുന്ന മോദിയും 'ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന' അനുകമ്പയെ തന്റെ ദർശനമായി വിളംബരം ചെയ്ത ഗുരുവും രണ്ടു തട്ടിലാണ്. 'കരുണാവാൻ നബി മുത്തുരത്‌ന'മെന്ന് നബിയെയും 'പരമേശപവിത്രപുത്രൻ' എന്ന് ക്രിസ്തുവിനെയും വിശേഷിപ്പിച്ച ശ്രീനാരായണ ഗുരു എവിടെ, അന്യമതസ്ഥരുടെ ജീവനും ജീവനോപാധികളും ഇല്ലാതാക്കുന്ന, വിദ്വേഷഭരണം നയിക്കുന്ന മോദിയെവിടെ' എന്നു പറഞ്ഞാണ് കോടിയേരി ലേഖനം അവസാനിപ്പിക്കുന്നത്.

Tags:    
News Summary - narendra modi is trying to ransom sree narayana guru -kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.