കൊച്ചി: ആദിവാസി മേഖലയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന ഡോ. ഷാനവാസിന്റെ ദുരൂഹ മരണവും ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ സുഹൃത്തുക്കൾ നടത്തിയ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് അന്വേഷിക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ നിലപാട് തേടി.
എട്ട് വർഷം മുമ്പ് നടന്ന സംഭവം സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാരോപിച്ച് മലപ്പുറം സ്വദേശി മനോജ് കേദാരം നൽകിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്. ഹരജി ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കും.
2015 ഫെബ്രുവരി 13ന് രാത്രി കോഴിക്കോട്ടുനിന്ന് കാറിൽ നിലമ്പൂരിലേക്ക് മടങ്ങുമ്പോഴാണ് ഡോ. ഷാനവാസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്ന് ഹരജിയിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മദ്യത്തിന്റെ അംശവും ശ്വാസനാളത്തിൽ ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.
ഷാനവാസിനെ കാറിൽ ഒപ്പമുണ്ടായിരുന്നവർ യഥാസമയം ആശുപത്രിയിൽ എത്തിച്ചില്ല. നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം എടവണ്ണയിലെ ക്ലിനിക്കിലാണ് എത്തിച്ചത്. ഷാനവാസിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ആത്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ സുഹൃത്തുക്കൾ ലക്ഷങ്ങൾ വിദേശത്തുനിന്ന് പിരിച്ചെടുത്തെന്നും ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയതെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.