എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കുമറിയാമെന്നും അതിജീവിതക്ക് നീതികിട്ടാൻ ഏതറ്റം വരെയും പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പൊലീസ് കൃത്യമായ രീതിയിലാണ് അന്വേഷണം നടത്തിയത്. കുറച്ചുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, എന്നാൽ ആരാണിതിന്‍റെ ഗുണഭോക്താവ് എന്ന് തെളിയിക്കപ്പെട്ടില്ലെന്ന് പറയുന്നു. സുപ്രീംകോടതി വരെ പോയാലും സർക്കാർ അതിജീവിതക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഭൂരിപക്ഷം പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. എന്നാൽ ഇത് കുറച്ചാളുകൾ ചേർന്ന് പെട്ടെന്ന് നടത്തിയ ആക്രമണമല്ല. ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ ഗൂഢാലോചന നടത്തിയത് തെളിയിക്കപ്പെട്ടില്ലെന്നാണ് കോടതി കണ്ടെത്തിയത്. പൊലീസ് കൃത്യമായ രീതിയിലാണ് അന്വേഷണം നടത്തിയത്. കുറച്ചുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, എന്നാൽ ആരാണിതിന്‍റെ ഗുണഭോക്താവ് എന്ന് തെളിയിക്കപ്പെട്ടില്ലെന്ന് പറയുന്നു.
അതിജീവിതക്കൊപ്പമാണ് സർക്കാർ, ഇന്നേവരെയുള്ള നിലപാട് അതുതന്നെയാണ്. അതിജീവിത വിധിയിൽ തൃപ്തയല്ല, പാർട്ടി അവർക്കൊപ്പമാണ്. സ്വാഭാവികമായും അടുത്ത കോടതിയിലേക്ക് പോകേണ്ടിവരും. പ്രോസിക്യൂഷൻ അപ്പീൽ നൽകും. നീതിക്കുവേണ്ടി ഏതറ്റം വരെയും പോകും. കുറ്റക്കാർ ആരായിരുന്നാലും സംരക്ഷിക്കപ്പെടില്ല. സുപ്രീംകോടതി വരെ പോയാലും സർക്കാർ അതിജീവിതക്കൊപ്പം നിൽക്കും. ഗൂഢാലോചന തെളിയിക്കപ്പെടണമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും കേരള സമൂഹം ഒന്നാകെ ആഗ്രഹിക്കുന്നുണ്ട്” -എം.വി. ഗോവിന്ദൻ പറഞ്ഞു.
നേരത്തെ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് കോടതിയിൽനിന്ന് മടങ്ങുന്നതിനിടെ നടൻ ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും പൊലീസ് പ്രതികളെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞെന്നും ദിലീപ് പറഞ്ഞു. മുൻഭാര്യ മഞ്ജു വാര്യരുടെ പരാമർശത്തോടെയാണ് ഗൂഢാലോചനയെന്ന് വാർത്തവന്നത്. ചില മാധ്യമപ്രവർത്തകർ കൂട്ടുനിന്നു. കോടതിയിൽ ആ കള്ളക്കഥ തകർന്നു. തന്നെ പിന്തുണച്ച എല്ലാവരെയും നന്ദി അറിയിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. കേസിൽ പ്രതിചേർത്ത പത്തിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ദിലീപ് ഉൾപ്പെടെ നാല് പേരെ കുറ്റവിമുക്തരാക്കി.
“ക്രിമിനൽ ഗൂഢാലോചനയെന്ന് മഞ്ജു പറഞ്ഞിടത്തുനിന്നാണ് എനിക്കെതിരെ ഗൂഢാലോചന തുടങ്ങിയത്. ജയിലിൽ പൊലീസ് പ്രതികളെ കൂട്ടുപിടിച്ച് ഒരു കള്ളക്കഥ മെനഞ്ഞു. അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ചില മാധ്യമപ്രവർത്തകരെ കൂട്ടുപിടിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ചു. ഇന്ന് കോടതിയിൽ ആ കള്ളക്കഥ തകർന്നു. എന്നെ പ്രതിയാക്കാനാണ് യഥാർഥത്തിൽ ഗൂഢാലോചന നടന്നത്. എന്‍റെ കരിയർ, ഇമേജ്, ജീവിതം തകർക്കാൻ വേണ്ടിയാണത് ചെയ്തത്. എന്‍റെ കൂടെനിന്ന കുടുംബങ്ങളോടും സുഹൃത്തുക്കളോടും എനിക്കുവേണ്ടി പ്രാർഥിച്ചവരോടും നന്ദി പറയുകയാണ്. ഒമ്പതു വർഷമായി എനിക്കുവേണ്ടി വാദിച്ച അഭിഭാഷകരോടും പിന്തുണച്ച എല്ലാവരോടും നന്ദി പറയുകയാണ്” -ദിലീപ് പറഞ്ഞു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിൽ വിധി പ്രസ്താവിച്ചത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. എൻ.എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൾ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.