എം.വി. ഗോവിന്ദൻ

കേന്ദ്രം തരാനുള്ളത് തന്നാൽ സാമൂഹിക സുരക്ഷ പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തോട് പുലർത്തുന്ന സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചാൽ സാമൂഹിക സുരക്ഷ പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തടഞ്ഞുവെച്ചതടക്കം കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ഒരുലക്ഷം കോടി രൂപയോളമാണ് ലഭിക്കാനുള്ളതെന്നും അത് ലഭിച്ചാൽ ഒന്നാം എൽ.ഡി.എഫ് സർക്കാറിനെപ്പോലെ പ്രഖ്യാപിച്ചതിലും കൂടുതൽ തുക പെൻഷൻ നൽകാനാവുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

അവസാന മന്ത്രിസഭ യോഗം ഒരുകോടിയിലധികം ആളുകൾക്കാണ് അനുകൂല്യം പ്രഖ്യാപിച്ചത്. ഇങ്ങനെയൊന്ന് ലോകത്തെവിടെയും ഉണ്ടാകില്ല. 62 ലക്ഷത്തോളം വരുന്നവർക്ക് ക്ഷേമ പെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കി. 31.43 ലക്ഷം സ്ത്രീകൾക്കും അഞ്ചുലക്ഷത്തിൽപരം യുവതീയുവാക്കൾക്കും 1000 രൂപ വീതവും നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. ആശമാർ, അംഗൻവാടിക്കാർ, പ്രൈമറി അധ്യാപകർ അടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങൾക്കും വേതന വർധന ഉറപ്പാക്കി.

കേരള വികസന ചരിത്രത്തിലെ സുപ്രധാന അധ്യായമാണ് അതിദാരിദ്ര്യമുക്ത പ്രഖ്യാപനം. നീതി ആയോഗ് ഉത്തർ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ 28 ശതമാനമുള്ളപ്പോൾ കേരളത്തിൽ 0.7 ശതമാനം അതിദരിദ്രരുണ്ടെന്നാണ് കണക്കാക്കിയത്. സർക്കാർ ആ 64,006 പേരെ കണ്ടെത്തി അവരെ അതിദാരിദ്ര്യാത്തിൽ മുക്തമാക്കി. ഒരുദിവസം കൊണ്ടുള്ള നടപടിയല്ല ഇത്. വർഷങ്ങളെടുത്ത പ്രക്രിയയാണ്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചില വിദഗ്ധന്മാരും ഇതിനെ വിമർശിക്കുകയാണ്. ഈ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. നിയമസഭയിലടക്കം പലതവണ ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ സതീശന് വിമർശനമുണ്ടായിരുന്നില്ല. ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ, ജില്ല പഞ്ചായത്തുകൾ എന്നിങ്ങനെ തദ്ദേശ സ്ഥാപനങ്ങൾ ഒന്നൊന്നായാണ് അതിദാരിദ്ര്യമുക്തമായത്. ഇവ മുഴുവൻ ഇടതുപക്ഷം ഭരിക്കുന്നവയല്ല.

കോൺഗ്രസും മുസ്ലിം ലീഗും ഭരിക്കുന്നവയുമുണ്ട് എന്നോർക്കണം. ബദൽ ഭരണത്തിന്‍റെ വിജയമാണിത്. കമ്യൂണിസ്റ്റ് വിരുദ്ധത ബാധിച്ചാണ് സതീശൻ ശുദ്ധ അസംബന്ധങ്ങൾ എഴുന്നള്ളിക്കുന്നത്. അതിന് കൂട്ടുനിൽക്കുകയാണ് ചില വിദഗ്ധന്മാർ. ട്രംപ് വന്നപ്പോൾ ഗുജറാത്തിൽ ചേരികൾ മതിൽകെട്ടി മറച്ചപോലെയല്ല, കേരളം മുഴുവൻ തുറന്നിട്ടിരിക്കയാണ്. പ്രതിപക്ഷ നേതാവും മാധ്യമങ്ങളും അതിദാരിദ്ര്യരുണ്ടെങ്കിൽ കണ്ടെത്തട്ടെ. അവരെയും നമുക്ക് മോചിപ്പിക്കാം. അതിദാരിദ്ര്യമാണ് ഇല്ലാതായത്. ഇനിയുള്ള ഉന്നം ദാരിദ്രം അവസാനിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - M.V. Govindan says Social welfare pensions will be Rs 3000 if the central government gives what it owes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.