കണ്ണൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി ആരേയും അവഗണിച്ചിട്ടില്ലെന്നും അഭിമുഖത്തിൽ പറഞ്ഞ ആൾ ആരാണെന്ന് തനിക്കറിയില്ലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
'വിനോദിനി ബാലകൃഷ്ണന്റെ അഭിമുഖം പത്രത്തിൽ കണ്ടു. അതിൽ പറയുന്ന ആൾ ആരാണ് എന്ന് എനിക്കറിയില്ല. ഞാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അവരുടെ വീട്ടിൽ സന്ദർശിച്ചിരുന്നു. ഇടക്കൊക്കെ കോടിയേരിയുടെ വീട്ടിൽ പോകാറുണ്ട്. ആരെയെങ്കിലും അവഗണിക്കുന്ന ഒരു നിലപാട് സി.പി.എമ്മും ഞാനും സ്വീകരിക്കുന്നില്ല. നായനാരുടേയും ചടയൻ ഗോവിന്ദന്റെയും കുടുംബത്തെ സന്ദർശിക്കാറുണ്ട്. ആരേയും അവഗണിക്കാത്തിടത്തോളം വിഷയം പരിശോധിക്കേണ്ട ആവശ്യമില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദിനി പറഞ്ഞതിനെക്കുറിച്ച് അവരോട് ചോദിക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു.
പച്ചക്കുതിര മാസികയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു വിനോദിനിയുടെ തുറന്നുപറച്ചിൽ. ഉന്നത പദവിയിലിരിക്കുന്ന പി.ബി അംഗത്തെ വിളിച്ചാൽ ഫോണെടുക്കുക പോലുമില്ലെന്നാണ് വിനോദിനി പറഞ്ഞത്. താൻ ഉദ്ദേശിച്ചതു പിണറായി വിജയനെയല്ലെന്നു വ്യക്തമാക്കിയ അവർ ആരെയാണ് ഉദ്ദേശിക്കുന്നതെന്നു വെളിപ്പെടുത്തിയില്ല.
‘‘മരണവും സംസ്‌കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ നേതൃത്വത്തിൽനിന്നു പിന്നെയാരും ബന്ധപ്പെട്ടിട്ടില്ല. ‘നീ ഓക്കെയാണോ ഞങ്ങളൊക്കെ ഒപ്പമുണ്ട്’ എന്നുപോലും പറഞ്ഞിട്ടില്ല. സാധാരണ പ്രവർത്തകരെക്കുറിച്ചല്ല ഞാൻ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാൻപോലും ആർക്കും തോന്നാത്ത കാലമായി ഇതു മാറിയോ? പ്രധാനപ്പെട്ട ഒരു കാര്യം പറയാനായി-ശുപാർശയ്ക്കൊന്നുമല്ല- പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാൻ വിളിച്ചിട്ടും ഫോണെടുത്തില്ല, തിരിച്ചുവിളിച്ചതുമില്ല.വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. വിനോദിനി അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.