കാന്തപുരത്തിനെതിരെ വീണ്ടും എം.വി. ഗോവിന്ദൻ; ‘ആരും പ്രകോപിതരായിട്ട് കാര്യമില്ല, സ്ത്രീക്കും പുരുഷനും തുല്യത നൽകാത്തവരെ എന്താണ് വിളിക്കേണ്ടതെന്ന് പറയുന്നില്ല’

തിരുവനന്തപുരം: സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമമുറകള്‍ മതം അംഗീകരിക്കുന്നില്ലെന്ന പ്രവസ്താവനയിൽ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പൊതുഇടത്തിൽ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്നും അത് അം​ഗീകരിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടതെന്ന് പറയുന്നില്ലെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

'സ്ത്രീ-പുരുഷ തുല്യതക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി മതനിരപേക്ഷ ഉള്ളടക്കത്തോടെ സമൂഹത്തെ കാണാൻ 1789ലെ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് ഉയർത്തിയ മുദ്രാവാക്യമാണിത്. അതിന്‍റെ സ്ഥിതിയിലേക്ക് പോലും നമുക്ക് കടക്കാൻ സാധിക്കുന്നില്ല. പൊതുഇടത്തിൽ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്ന് ഒരു സമ്മേളനത്തിൽ ഞാൻ പറഞ്ഞപ്പോൾ ചിലർ പ്രകോപിതരാവുകയാണ്.

ആരും പ്രകോപിതരായിട്ട് കാര്യമില്ല. ആ മുദ്രാവാക്യം സമ്മതിച്ച് കൊടുക്കാൻ ഇപ്പോഴും തയാറാകാത്ത ആളുകളെ എന്താണ് വിളിക്കേണ്ടതെന്ന് ഞാൻ പറയുന്നില്ല. ഞാൻ ആരെയും ഉദ്ദേശിക്കുന്നില്ല. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഉദ്ദേശിക്കുന്നില്ല. സമൂഹത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത് -എം.വി. ഗോവിനന്ദൻ വ്യക്തമാക്കി.

കുഴിമണ്ണയിൽ നടന്ന ഒരു പരിപാടിയിലാണ് സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമ മുറകള്‍ മതം അംഗീകരിക്കുന്നില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കിയത്. വ്യായാമത്തിന്റെ മറവില്‍ മതവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണം. സുന്നികള്‍ വ്യായാമത്തിന് എതിരല്ല. പക്ഷേ, വിശ്വാസികള്‍ എല്ലാ കാര്യങ്ങളിലും മതനിഷ്ഠയുള്ളവരാകണമെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

ഇതിന് പിന്നാലെ കാന്തപുരത്തിന്റെ നിലപാടിനെതിരെ പരോക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ രംഗത്തെത്തി. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണെന്ന് ഗോവിന്ദൻ പറഞ്ഞു. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല. അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകേണ്ടി വരുമെന്നും എം.വി. ഗോവിന്ദൻ ഓ‍ർമിപ്പിച്ചു.

എം.വി. ഗോവിന്ദന് വിമർശത്തെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കണ്ണൂർ ജില്ലയിലെ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ലെന്നും ഇസ്‌ലാമിന്‍റെ നിയമങ്ങൾ പണ്ഡിതന്മാർ പറയുമെന്നും മറുപടി നൽകി.

'ഇസ്‌ലാമിന്‍റെ നിയമങ്ങൾ ആലിമീങ്ങൾ പറയും. മറ്റുള്ള മതക്കാർ അതിൽ കടന്ന് കൂടി വന്നിട്ട് ഇസ്‌ലാമിന്‍റെ വിധി, അതിവിടെ നടപ്പാകൂല എന്ന് പറഞ്ഞാൽ... ഇന്നൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയിൽ തന്നെ, അയാളുടെ ജില്ലയിൽ 18 ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തിരിക്കുന്നു. ഈ 18ഉം പുരുഷൻമാരാണ്. ഒറ്റ പെണ്ണിനെയും അവർക്ക് കിട്ടീട്ടില്ല....' -എന്നിങ്ങനെയായിരുന്നു എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരിഹാസം.

കാന്തപുരത്തിന്‍റെ പരാമർശത്തോട് പ്രതികരിച്ച സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി തോമസ് ഐസക്ക് കാന്തപുരത്തിന്‍റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസമാണെന്ന് ചൂണ്ടിക്കാട്ടി.

‘കാന്തപുരത്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസം. നമ്മുടെ വിശ്വാസം അതല്ല. ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിലാണ്. ഏതായാലും കാന്തപുരത്തിനോട് ഞങ്ങൾക്ക് ഒരു ബഹുമാനമുണ്ട്. മുസ്‍ലിം മതരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയാത്തവരാണ്. ജമാഅത്തെ ഇസ്‍ലാമിയെ പോലെയല്ല. സ്ത്രീക്ക് രണ്ടാം സ്ഥാനം കൽപിക്കുന്നത് മതത്തിൽ മാത്രമല്ല, സർവതലത്തിലുമുണ്ട്.

സ്ത്രീക്ക് തുല്യത വേണമെന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഞങ്ങളുടെ പാർട്ടിയിലും ആ രീതിയിലുള്ള പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കും. പാർട്ടി സ്ഥാനങ്ങളിൽ വനിതകൾ വരും. നേതൃത്വത്തിൽ വനിതാ പ്രതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങൾ. ബോധപൂർവം തിരുത്താൻ ശ്രമിക്കുന്നുണ്ട്’ -തോമസ് ഐസക് വ്യക്തമാക്കി.

Tags:    
News Summary - MV Govindan again against Kanthapuram AP Aboobacker Musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.