തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള പരാജയ കാരണമായോ എന്ന ചോദ്യത്തിന് ഉരുണ്ട് കളിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘‘ശബരിമല പോലുള്ള പ്രശ്നങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും ശക്തിയായ കള്ളപ്രചാരവേല നടത്തുകയും അതുപയോഗിച്ച് വോട്ട് നേടാനുള്ള പരിശ്രമങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ, ആ പരിശ്രമം അവർ ഉദ്ദേശിച്ചതുപോലെ വിജയിച്ചില്ല’ എന്നായിരുന്നു വാർത്തസമ്മേളനത്തിലെ പരാമർശം. എന്നാൽ, ഇതേകുറിച്ച് കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞതിലുണ്ടെന്നായിരുന്നു പ്രതികരണം. തിരിച്ചടിയായോ അതോ ഇല്ലയോ എന്ന് കൃത്യമായി പറയാമോ എന്ന ചോദ്യത്തിന് ‘ഇനി ഓരോന്നും വിശദീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല’ എന്നായി. ‘ശബരിമല സ്വർണക്കൊള്ള’ എന്ന പ്രസ്താവന പ്രതിപക്ഷത്തിന്‍റെ പ്രചാരണത്തെ കുറിച്ചാണ് താൻ പറഞ്ഞത്. അല്ലാതെ അത് തിരിച്ചടിയായി എന്ന് താൻ പറഞ്ഞിട്ടില്ലെന്നും നിലപാട്.
പാർട്ടി സെക്രട്ടറി വിഷയത്തിൽ ഉരുണ്ടുകളിക്കുന്നു എന്ന വാർത്തസമ്മേളനത്തിൽ പരാമർശമുണ്ടായപ്പോൾ ‘തനിക്ക് ഒരു ഉരുളലുമില്ലെന്നായിരുന്നു പ്രതിരോധം. ‘ശബരിമല വിഷയത്തിൽ പാർട്ടി കൃത്യമായ നിലപാട് സ്വീകരിക്കും. അതിനെന്താ സംശയമുള്ളത്. തങ്ങൾ ജനങ്ങളോട് വിശദീകരിച്ചിട്ടുണ്ട്. അതും കൂടി വിശദീകരിച്ചുകൊണ്ടല്ലേ പാർലമെന്‍റ് തെരഞ്ഞെടുപ്പിനെക്കാൾ ഇത്രയും വലിയ രീതിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞത്. ശബരിമല ഉൾക്കൊള്ളുന്ന വാർഡും അത് നിലകൊള്ളുന്ന പെരുനാട് ഗ്രാമപഞ്ചായത്തും ഇടതുമുന്നണിയാണ് ജയിച്ചത്. പന്തളം മുൻസിപ്പാലിറ്റി ബി.ജെ.പിയിൽ നിന്ന് ഇടതുമുന്നണി പിടിച്ചു.
ഒരു വിഷയത്തിൽ നടപടി എടുക്കുക എന്ന് പറയുന്നത് സംഘടനാപരമായ ചുമതല മാത്രമാണ്. പാർട്ടി നടപടിക്ക് രണ്ട് കാര്യം സംബന്ധിച്ച് വ്യക്തത വേണം. ‘സ്വർണക്കൊള്ളക്ക് പാർട്ടി നടപടി’ എന്ന മാധ്യമങ്ങളുടെ തലക്കെട്ടിനുള്ള നടപടി തങ്ങൾ ഉദ്ദേശിക്കുന്നില്ല. ഈ കൊള്ളയുമായി പത്മകുമാറിനും വാസുവിനും എന്താണ് ബന്ധം എന്നത് കൃത്യമായി തിരിച്ചറിയണം. ഇവരുടെ അറസ്റ്റ് സ്വർണക്കൊള്ളയുടെ ഭാഗമാണോ അല്ലെങ്കിൽ നോട്ടക്കുറവിന്‍റെ പേരിലാണോ എന്നതിൽ വ്യക്തത വരുത്തണം. ഇതെല്ലാം ചാർജ് ഷീറ്റ് കൊടുക്കുമ്പോൾ മാത്രമേ മനസ്സിലാക്കാനാവൂ. അപ്പോഴേ നടപടിയെടുക്കാനാകൂ. ഇതിനകത്ത് ഒരു ഒരുതരത്തിലുള്ള ഭയവും പാർട്ടിക്കില്ല’ -ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.