പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പട്ടാമ്പി മണ്ഡലത്തിന് വേണ്ടി ചരട് വലിച്ച് മുസ്ലിം ലീഗ്. കോങ്ങാടിന് പകരം പട്ടാമ്പി മണ്ഡലം ആവശ്യപ്പെടണമെന്ന് കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്ന പ്രവർത്തകസമിതി യോഗത്തിൽ പാലക്കാട്ടെ ലീഗ് നേതാക്കൾ പറഞ്ഞെന്നാണ് വിവരം. പട്ടികജാതി സംവരണ മണ്ഡലമായ കോങ്ങാട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗിലെ യു.സി. രാമനാണ് യു.ഡി.എഫിന് വേണ്ടി മത്സരിച്ചതെങ്കിലും വിജയം എൽ.ഡി.എഫിലെ കെ. ശാന്തകുമാരിക്കായിരുന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും മണ്ഡല പരിധിയിലെ പഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം ഇടതിനാണ്.
എന്നാൽ, ഇടതിനെയും, വലതിനെയും മാറി മാറി സ്വീകരിച്ച പാരമ്പര്യമാണ് പട്ടാമ്പിക്കുള്ളത്. 2001 മുതൽ 11 വരെ കോൺഗ്രസിലെ സി.പി. മുഹമ്മദാണ് ഇവിടെ വിജയിച്ചതെങ്കിൽ 2016ൽ സി.പി.ഐയിലെ മുഹമ്മദ് മുഹ്സിൻ തിരിച്ചുപിടിച്ച മണ്ഡലത്തിൽ വീണ്ടും വിജയം ആവർത്തിച്ച് മുഹ്സിൻ തുടരുകയാണ്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ വാർഡുകളുടെ അടിസ്ഥാനത്തിൽ എൽ.ഡി.എഫിന് അനുകൂലമില്ലാത്ത മണ്ഡലമാണ് പട്ടാമ്പി. മാത്രമല്ല, മേഖലയിൽ ലീഗിന് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞു.
അതേസമയം, മന്ത്രി വി.ശിവൻകുട്ടി നേമത്ത് മത്സരിക്കാനില്ലെന്ന് പറഞ്ഞതിലും വട്ടിയൂർകാവിൽ മാത്രമേ മത്സരിക്കൂവെന്ന് കെ.സുരേന്ദ്രൻ പറയുന്നതിലും അന്തർധാരയുടെ മണമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. രണ്ട് രാഷ്ട്രീയ എതിരാളികളാണ് കോൺഗ്രസിനുള്ളത്. മാർക്സിസ്റ്റ് പാർട്ടിയും ബി.ജെ.പിയും.
ഇവർ തമ്മിൽ അന്തർധാരയുണ്ട്. തദ്ദേശത്തിലെ വോട്ട് നോക്കിയാൽ നേമത്തും കഴക്കൂട്ടത്തുമാണ് നഗരത്തിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായത്. വട്ടിയൂർക്കാവടക്കം മറ്റ് രണ്ട് സീറ്റിന്റെ കാര്യത്തിലും കോൺഗ്രസിന് തിരിച്ചു വരാൻ കഴിയുന്ന അവസ്ഥയാണ്-മുരളീധരൻ പറഞ്ഞു.
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി വീണ ജോർജ് ആറന്മുളയിൽ വീണ്ടും മത്സരിക്കുമെന്ന് സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം. കോന്നി മണ്ഡലത്തിൽ കെ.യു. ജനീഷ് കുമാർ വീണ്ടും സ്ഥാനാർഥിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല സെക്രട്ടറിയുടെ അസാധാരണ പ്രഖ്യാപനത്തിനെതിരെ വിമർശനം ഉയർന്നതോടെ പിന്നീട് മാധ്യമങ്ങളെ കണ്ട രാജു എബ്രഹാം, പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ തീരുമാനമുണ്ടാകുമെന്ന് പറഞ്ഞു. അവർതന്നെ തുടർന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.
കേരളത്തിന്‍റെയും മലയാളികളുടെയും അഭിമാനമാണ് വീണ ജോർജ്. അടുത്ത ഭരണത്തിലും ആരോഗ്യവകുപ്പ് തന്നെ കൈകാര്യം ചെയ്തേക്കും. മറ്റേതെങ്കിലും വകുപ്പാണെങ്കിലും വീണ ജോർജ് ഭംഗിയായി ചുമതല നിർവഹിക്കും. ഏത് മണ്ഡലത്തിൽ നിന്നാലും വിജയിക്കും. പത്തനംതിട്ടയിൽ എൽ.ഡി.എഫിനെ വീണ ജോർജ് നയിക്കുമെന്നും പറഞ്ഞു.
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളായേക്കുമെന്ന വാർത്തകൾ തള്ളി മകനും എം.എൽ.എയുമായ ചാണ്ടി ഉമ്മൻ. മത്സരരംഗത്തേക്ക് വരാൻ താൽപര്യമില്ല എന്നാണ് സഹോദരങ്ങളായ അച്ചുവും മറിയവും പറഞ്ഞിട്ടുള്ളതെന്നും വീട്ടിൽനിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ആര് മത്സരിക്കണമെന്ന കാര്യം പാർട്ടിക്ക് തീരുമാനിക്കാം. പക്ഷേ, മത്സരരംഗത്ത് ഒരാളേ കാണുകയുള്ളൂവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ പെൺമക്കൾ സ്ഥാനാർഥികളാകുമെന്ന തരത്തിലുള്ള വാർത്ത മാധ്യമസൃഷ്ടിയാണെന്നു -അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം: താൻ പത്തനാപുരം നിയോജക മണ്ഡലത്തിൽതന്നെ മത്സരിക്കുകയും വൻ ഭൂരിപക്ഷത്തിന് ജയിക്കുകയും ചെയ്യുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‍കുമാർ.
അതിൽ ആശങ്കയും വേണ്ട. താൻ പത്തനാപുരത്തുകാരനാണ്. അവിടുത്തുകാരെ തനിക്ക് നല്ല വിശ്വാസമാണ്. പത്തനാപുരത്തുകാർക്ക് താൻ ഇല്ലാതെ പറ്റില്ല, തനിക്ക് അവരില്ലാതെയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ യൂനിയൻകാർ ഭരിക്കുന്ന കാലമുണ്ടായിരുന്നെന്നും ഇനി നേതാക്കൾ മിണ്ടാതിരുന്നാൽമതിയെന്നും മന്ത്രി കെ.ബി. ഗണേഷ്‍കുമാർ. ഇപ്പോൾ സി.ഐ.ടി.യുക്കാർ എം.ഡിയെ പൊന്നാട അണിച്ചിട്ട് പോകുന്ന സാഹചര്യമായി. ജീവനക്കാർക്കും സന്തോഷത്തിലാണ്. ഇതിനിടയിൽ തുപ്പിവെച്ചിട്ട് പോകുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.