ലീഗിൽ അന്തിമാധികാരം അധ്യക്ഷനുതന്നെ

കോഴിക്കോട്: മുസ്ലിം ലീഗ് ഭരണഘടനയിലില്ലാത്ത 'ഉന്നതാധികാര സമിതി' അമിതാധികാരം പ്രയോഗിക്കുന്നുവെന്ന വിമർശനങ്ങൾക്കും പരാതികൾക്കും ഭരണഘടനാഭേദഗതിയോടെ പരിഹാരമാകുമെങ്കിലും സമിതി ഇല്ലാതാകില്ല. ഇതുസംബന്ധിച്ച് കൗൺസിൽ യോഗത്തിൽ വിശദ ചർച്ച നടന്നു. ഉന്നതാധികാര സമിതിയെ ഭരണഘടനാപരമാക്കിക്കൂടേ എന്ന ചോദ്യവുമുയർന്നു.

ഉന്നതാധികാര സമിതി എന്നത് സംസ്ഥാന അധ്യക്ഷന് കൂടിയാലോചന നടത്താനുള്ള ഉന്നതനേതാക്കളുടെ ഒരു വേദി മാത്രമാണെന്നും അങ്ങനെ സമിതി രൂപവത്കരിച്ചിട്ടില്ലെന്നും നേതൃത്വം വിശദീകരിച്ചു. ഉന്നതാധികാര സമിതിയെന്ന് മറ്റുള്ളവർ അതിനെ പേരിട്ടുവിളിച്ചതാണ്. സംസ്ഥാന അധ്യക്ഷന് കൂടിയാലോചന നടത്താനുള്ള ഒരു സമിതി എന്നനിലയിൽ അതിനെ തള്ളാനാകില്ല. അത് സംസ്ഥാന അധ്യക്ഷന്‍റെ വിവേചനാധികാരമാണെന്ന് വിശദീകരിക്കപ്പെട്ടതോടെ ചർച്ചക്ക് വിരാമമിട്ടു.

ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച ഭരണഘടന പരിഷ്കരണ സമിതിയാണ് 21 അംഗ സെക്രട്ടേറിയറ്റും അഞ്ചംഗ അച്ചടക്കസമിതിയും രൂപവത്കരിക്കാൻ ശിപാർശ ചെയ്തത്. അച്ചടക്കസമിതിക്ക് അംഗീകാരം നൽകിയെങ്കിലും സമിതി തീരുമാനത്തിന് അപ്പീൽ സ്വീകരിക്കാനുള്ള അധികാരം സംസ്ഥാന അധ്യക്ഷന് നൽകിയിട്ടുണ്ട്. ഒരാൾക്കെതിരെ അച്ചടക്കസമിതി നടപടി എടുത്താലും അധ്യക്ഷന് അത് അംഗീകരിക്കാനും തള്ളാനും അധികാരമുണ്ടാകും. ഇതോടെ സെക്രട്ടേറിയറ്റും അച്ചടക്കസമിതിയും നിലവിൽ വന്നാലും ഫലത്തിൽ അന്തിമ തീരുമാനങ്ങളെടുക്കാനുള്ള അധികാരം കൊടപ്പനക്കൽ തറവാടിനുതന്നെ ആയിരിക്കുമെന്ന നയത്തിൽ മാറ്റമൊന്നുമുണ്ടാകില്ല. ഇതിന് ഉന്നതാധികാരസമിതിയെന്ന് വിളിക്കപ്പെട്ട സമിതിയുമായി കൂടിയാലോചന നടത്തുന്ന സാഹചര്യവും തുടരും. വാർഡുകളുടെ എണ്ണത്തിനനുസരിച്ച് മേഖല കമ്മിറ്റികൾ കൂടി രൂപവത്കരിക്കാനുള്ള തീരുമാനവും കൗൺസിൽ യോഗത്തിലുണ്ടായി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ ഇത്തരം കമ്മിറ്റികൾ നിലവിൽവരും. 18 വാർഡുകളിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ ഇത്തരം വിഭജനമുണ്ടാകും. കമ്മിറ്റികളിൽ മത്സരമുണ്ടാകുമ്പോൾ തോൽക്കുന്നവർക്ക് സഹഭാരവാഹിത്വം നൽകണമെന്ന നിർദേശത്തിനും അംഗീകാരം നൽകിയിട്ടുണ്ട്. പാർട്ടിയിൽ ഗ്രൂപ്പിസം ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.

സമീപകാലത്തുണ്ടായ വിഷയങ്ങളിൽ നിലപാട് പറയുമ്പോൾ നേതാക്കൾക്കിടയിലുണ്ടായ ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്ക് ക്ഷീണമുണ്ടായ സാഹചര്യത്തിലാണ് ഇതിനെതിരെ സാദിഖലി തങ്ങൾ കൗൺസിൽയോഗത്തിൽ ശക്തമായി പ്രതികരിച്ചത്. ഹരിത, സി.പി.എമ്മിനോടുള്ള സമീപനം, പോപുലർഫ്രണ്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിൽ നേതാക്കൾക്കിടയിൽ ഭിന്നസ്വരങ്ങളുണ്ടായത് വിവാദമായിരുന്നു. ഇത് ഇനി അംഗീകരിക്കില്ലെന്ന മുന്നറിയിപ്പായാണ് തങ്ങൾ നൽകിയത്.

Tags:    
News Summary - Muslim League Constitution and State President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.