പ്രതീകാത്മക ചിത്രം
കൊല്ലം: പൂക്കൾ മുതൽ സദ്യവരെ, കിറ്റുകൾ മുതൽ വസ്ത്രങ്ങൾ വരെ വൈവിധ്യത്തിന്റെ ഓണക്കച്ചവടവുമായി ജില്ലയിൽ കോടിത്തിളക്കത്തിൽ കോളടിച്ച് കുടുംബശ്രീ. വിപണനമേളകളും വീടുകൾ വഴിയുള്ള കച്ചവടവും ഓണസദ്യയുമൊക്കെ വിൽപന നടത്തി ഈ ഓണക്കാലത്ത് 2,78,21,977 രൂപയുടെ വിറ്റുവരവ് ആണ് ജില്ലയിലെ കുടുംബശ്രീ വനിതകൾ സമ്പാദിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8,49,023 രൂപയുടെ അധിക വിറ്റുവരവാണിത്. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ 11,13,930 രൂപയുടെ ഓണസദ്യമാത്രം ജില്ലയിൽ വിറ്റുപോയി. ജില്ലതലത്തിലും സി.ഡി.എസ് തലങ്ങളിലുമായി സംഘടിപ്പിച്ച 146 ഓണം വിപണനമേളകൾ വൻ ഹിറ്റായി മാറിയതും വിറ്റുവരവിന് കുതിപ്പ് നൽകി. ഇതിലൂടെ സംരംഭകർക്കും ജെ.എൽ.ജി കർഷകർക്കും ഒരുപോലെ വിപണിയൊരുക്കാൻ സാധിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന ഓണച്ചന്തകളിൽ 4,598 കുടുംബശ്രീ സംരംഭക യൂനിറ്റുകളും 2,953 ജെ.എൽ.ജി യൂനിറ്റുകളുമാണ് പങ്കാളികളായത്. ഭക്ഷ്യ ഉൽപ്പന്നങ്ങൾ, നാടൻ പലഹാരങ്ങൾ, അച്ചാറുകൾ, മസാലപ്പൊടികൾ, ധാന്യപ്പൊടികൾ, മില്ലറ്റ് ഉൽപ്പന്നങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, വെളിച്ചെണ്ണ, തേൻ, സോപ്പ്, ടോയ്‍ലറ്ററീസ് എന്നിങ്ങനെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളകളിൽ വിറ്റത്. കർഷകർ ഉൽപ്പാദിപ്പിച്ച നാടൻ പച്ചക്കറികൾക്കും ഓണത്തോടനുബന്ധിച്ച് കൃഷി ചെയ്ത വിവിധയിനം പൂക്കൾക്കും മികച്ച ആവശ്യക്കാരുണ്ടായി. ഓണസദ്യക്കാവശ്യമായ പച്ചക്കറികളും അത്തപ്പൂക്കളമൊരുക്കാനുള്ള പൂക്കളും കുടുംബശ്രീ വിപണനമേളകളിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു.
കുടുംബശ്രീ കഫേ യൂനിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ ഓണസദ്യക്കും മികച്ച പ്രതികരണമാണ് ഇത്തവണയും ലഭിച്ചത്. ആകെ 42 കഫേ യൂനിറ്റുകളാണ് ഓണസദ്യ വിൽപന നടത്തിയത്. ഇവർ 5,740 ഓണസദ്യകൾ തയ്യാറാക്കി വിതരണം ചെയ്തു. ഇതിലൂടെ 11,13,930 രൂപയുടെ വിറ്റുവരവാണ് നേടിയത്. ആഗസ്റ്റ് 17ന് ഓണസദ്യയുടെ ഉദ്ഘാടനം മുതൽ ജില്ല, ബ്ലോക്ക് തല കോൾ സെന്ററുകൾ വഴി ആയിരക്കണക്കിനാണ് ഓർഡറുകളാണ് വന്നത്. ഓണംകഴിഞ്ഞിട്ടും സെപ്റ്റംബർ 30 വരെ കഫേ യൂനിറ്റുകൾക്ക് ജില്ല കോൾ സെന്റർ വഴി ഓണസദ്യയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.
ഓണം വിപണനത്തിന്റെ ഭാഗമായി സി.ഡി.എസ് തലത്തിൽ തയാറാക്കിയ ഓണക്കിറ്റുകൾ ഇത്തവണയും ഹിറ്റായി. 8,214 ഓണക്കിറ്റുകളാണ് വിറ്റുപോയത്. ഇതിലൂടെ 42,43,250 രൂപയുടെ വിറ്റുവരവ് നേടി. ഓണക്കിറ്റ് തയാറാക്കലിലും വിതരണത്തിലും 476 കുടുംബശ്രീ സംരംഭകർ ആണ് പങ്കാളികളായത്.
500 മുതൽ 750 രൂപ വരെ വിലയുണ്ടായിരുന്ന ഓണക്കിറ്റുകളിൽ ചിപ്സ്, ശർക്കരവരട്ടി, മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർ മസാല, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ, പായസം, അച്ചാർ എന്നിങ്ങനെ ഓണാവശ്യ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കുടുംബശ്രീ കൺസോർഷ്യം, ഹോം ഷോപ്പ് തുടങ്ങിയ സംവിധാനങ്ങളിലെ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്കും കിറ്റുകളിൽ പ്രാതിനിധ്യം നൽകി. 750 ഓണക്കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്ത അലയമൺ സി.ഡി.എസ് ആണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഓണക്കിറ്റുകൾ വിതരണം ചെയ്ത് ഒന്നാമതെത്തിയത്.
കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വീടുകളിലേക്കും കൂടുതൽ ഉപഭോക്താക്കളിലേക്കും നേരിട്ടെത്തിക്കുന്നതിൽ ഹോം ഷോപ്പ് സംവിധാനവും നിർണായക പങ്കുവഹിച്ചു. കുടുംബശ്രീ ഹോം ഷോപ്പ് ഓണേഴ്സ് വഴി ഉൽപ്പന്നങ്ങൾ വീടുകളിലെത്തിച്ചതിലൂടെ 9,01,200 രൂപയുടെ വിൽപ്പന നേടി. ജില്ലയിലെ 58 സി.ഡി.എസുകളിലെ ഹോം ഷോപ്പുകൾ വഴി 7.77 ലക്ഷം രൂപയുടെ ഓണക്കിറ്റ് വിൽപ്പനയും നടന്നു. ഇതോടെ ഹോം ഷോപ്പ് സംവിധാനത്തിലൂടെ ആകെ 16,78,200 രൂപയുടെ വിറ്റുവരവ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.