കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില, പ്രതി ചെന്താമര

'അയാൾ എന്താ ജയിലിൽ ടൂർ പോയി കളിക്കുകയാണോ..?, എന്നെ കൂടെ കൊന്നിട്ട് പോകാൻ പറ'; പൊലീസ് പരാതി നിസാരമാക്കിയെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകൾ

പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയേയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ചെന്താമര നിരന്തരം വധഭീഷണി മുഴക്കിയിരുന്നെന്നും നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായും കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില.

ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരനും കുടുംബവും കഴിഞ്ഞ മാസം പൊലീസിൽ പരാതി നൽകിയിരുന്നെന്നും പരാതി പൊലീസ് കാര്യമായി എടുത്തില്ലെന്ന് മകൾ മാധ്യമങ്ങൾക്ക് മുൻപിൽ കരഞ്ഞുകൊണ്ടു പറഞ്ഞു.

"അയാൾ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നു. ഡിസംബർ 29നാണ് പൊലീസിൽ ചെന്താമരക്കെതിരെ പരാതി നൽകിയത്. അന്വേഷിക്കാമെന്ന് പൊലീസ് പറഞ്ഞു. എന്താണ് അവർ അന്വേഷിച്ചത്. ഞാൻ ഇനി ഒന്നും ചെയ്യില്ല എന്നാണ് അയാൾ പൊലീസിനോട് പറഞ്ഞത്. അയാൾ എന്തെങ്കിലും കള്ളം പറഞ്ഞാൽ അതും വിശ്വസിച്ച് പൊലീസ് വെറുതെ വിടുകയാണോ വേണ്ടത്. പരാതി അന്വേഷിക്കാൻ രണ്ടു പൊലീസുകാർ വന്നിരുന്നു. അവരോട് അയാൾ വസ്ത്രം എടുക്കണോ എന്നു തമാശയിൽ ചോദിച്ചു. അയാൾ എന്താ ജയിലിൽ ടൂർ പോയി കളിക്കുകയാണോ..? ഇനിയും അയാളെ ആ ജയിലിലേക്ക് കയറ്റാനെല്ലെ കൊണ്ടുപോകുന്നത്.

എന്റെ അച്ഛനും അച്ചമ്മയുമാണ് പോയത്. എനിക്ക് ഇനി ആരാണുള്ളത്. അല്ലെങ്കിൽ ഇനി എന്നെ കൂടെ കൊന്നിട്ട് പോകാൻ പറ"- സുധാകരന്റെ മകൾ അഖില മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ടു പറഞ്ഞു.

നെന്മാറ പോത്തുണ്ടി തിരുത്തൻപാടം സ്വദേശി ചെന്താമര ഇന്ന് രാവിലെയാണ് അയൽവാസികളായ സുധാകരൻ, അമ്മ ലക്ഷി എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്.

അഞ്ച് വർഷം മുമ്പ് സുധാകരന്‍റെ ഭാര്യ സജിതയെ (35) വെട്ടിക്കൊന്നയാളാണ് ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ഇയാൾ കൊല നടത്തിയത്.

ലോറി ഡ്രൈവറായിരുന്നു ചെന്താമര. അഭിപ്രായ ഭിന്നതയെ തുടർന്ന് ഇയാളും ഭാര്യയും പിരിഞ്ഞ് കഴിയുകയായിരുന്നു. താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം അയൽവാസികളാണെന്നായിരുന്നു ചെന്താമരയുടെ ധാരണ. ഭാര്യയുടെ അടുത്ത സുഹൃത്ത് കൂടിയായ സജിതയെ ഇയാൾ 2019ൽ വീട്ടിനുള്ളിൽ വെച്ച് വെട്ടിക്കൊല്ലുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത നേരം പിറകിലൂടെത്തി കത്തികൊണ്ട് കഴുത്തിൽ വെട്ടിയാണ് സജിതയെ ഇയാൾ കൊലപ്പെടുത്തിയത്.

കേസിൽ പിടിയിലായതിന് ശേഷം ജയിലിൽ കഴിയുകയായിരുന്നു ചെന്താമര. വിചാരണ നടപടികൾ പുരോഗമിക്കവേ രണ്ട് മാസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഇയാൾ വീണ്ടും മറ്റെന്തെങ്കിലും കുറ്റകൃത്യം ചെയ്യുമോയെന്ന ഭയം നാട്ടുകാർക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ നെന്മാറ പൊലീസിൽ പരാതി നൽകി.

ഇന്ന് രാവിലെ 10 മണിയോടെയാണ് ചെന്താമര അയൽവീട്ടിലെത്തി സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊല്ലുന്നത്. ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു ഇരുവരും. ലക്ഷ്മിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ സുധാകരൻ മരിച്ചതായാണ് വിവരം.

Tags:    
News Summary - Murdered Sudhakaran's daughter says police treated complaint against Chenthamara lightly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.