തിരുവനന്തപുരം: ലീഡർ കെ. കരുണാകരന്റെ മകനെന്ന ആവരണം പൊട്ടിച്ച് കോൺഗ്രസ് രാഷ്ട്രീയത്തിൽ സ്വന്തം ഇരിപ്പിടമുറപ്പിച്ച മുതിർന്ന നേതാവായ കെ. മുരളീധരന് മന്ത്രിപദത്തിൽ രണ്ടാമൂഴം. വട്ടിയൂർക്കാവിൽ ത്രികോണപ്പോരിൽ ജയിച്ചതിന്റെ തിളക്കത്തോടെയാണ് മന്ത്രിപദവിയിലെത്തുന്നത്.
1957 മേയ് 14ന് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി തൃശൂരിൽ ജനനം. തൃശൂർ പൂങ്കുന്നം ഗവ. ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടി. 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടുനിന്ന് ആദ്യജയം. 1991ൽ വീണ്ടും ജയിച്ചെങ്കിലും ’96ൽ പരാജയപ്പെട്ടു. 1998 ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലും പരാജയപ്പെട്ടു.
കെ.പി.സി.സി പ്രസിഡന്റായിരിക്കെ ആൻറണി മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായെങ്കിലും ആറുമാസത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ പരാജയപ്പെട്ടു. കെ. കരുണാകരനും അനുയായികളും കോൺഗ്രസ് സംസ്ഥാന നേതൃത്വമായി കലഹിച്ചതിനെ തുടർന്ന് മുരളീധരൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. 2005ൽ വിവാദ പരാമർശത്തിൽ ആറുവർഷത്തെ സസ്പെൻഷനും ഡി.ഐ.സി (കെ) രൂപീകരണവും. 2006 ൽ യു.ഡി.എഫ് നേതൃത്വവുമായി ഡി.ഐ.സി (കെ) ധാരണയിലെത്തി. മുരളീധരൻ കൊടുവള്ളിയിൽ മത്സരിച്ചെങ്കിലും തോറ്റു. കെ. കരുണാകരൻ കോൺഗ്രസിലേക്ക് തിരിച്ചുപോയെങ്കിലും മുരളി എൻ.സി.പിയിൽ തുടർന്നു. 2009 ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ എൻ.സി.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും തോറ്റു. 2011 ഫെബ്രുവരി 15ന് കോൺഗ്രസിൽ തിരിച്ചെത്തി. 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിൽ വിജയിച്ചു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിലും ജയം. 2021ൽ നേമത്ത് തോൽവി. ഭാര്യ:ജ്യോതി, മക്കൾ: ശബരീഷ്, അരുൺ. ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.