മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ വി.ഡി സതീശനെതിരെ വിമർശനം, നിഷേധിക്കാതെ മുനീർ

മലപ്പുറം: ലീഗ് നേതൃയോഗത്തിൽ വി.ഡി സതീശനെതിരെ വിമർശനമുണ്ടായെന്ന വാർത്ത നിഷേധിക്കാതെ എം.കെ മുനീർ. യോഗത്തിൽ വിമർശനമുണ്ടോയോ എന്നത് പുറത്ത് പറയാൻ പറ്റില്ല. യു.ഡി.എഫ് എടുക്കുന്ന തീരുമാനത്തിന്റെ കൂടെയാണ് മുസ്‌ലിം ലീഗെന്നും എം.കെ മുനീർ വ്യക്തമാക്കി. ലീഗ് യോഗത്തിൽ നടക്കുന്ന കാര്യങ്ങളല്ല, തീരുമാനങ്ങൾ മാത്രമെ പുറത്തു പറയാൻ കഴിയൂ.

സതീശനെ അൻവറുമായി ചർച്ച നടത്താൻ യു.ഡി.എഫ് നിയോഗിച്ചതാണ്. അതിൽ അദ്ദേഹം പറഞ്ഞതാണ് തീരുമാനം. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയെ പരമാവധി ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക എന്നതാണ് ഇനി ചെയ്യാനുള്ളതെന്നും എം.കെ മുനീർ അഭിപ്രായപ്പെട്ടു. പത്രിക പിൻവലിക്കണോയെന്നത് അൻവറാണ് തീരുമാനിക്കേണ്ടത്. ചർച്ചയുടെ ഒരു ഘട്ടം വരുകയാണെങ്കിൽ അപ്പോൾ ആലോചിക്കുമെന്നും മുനീർ വ്യക്തമാക്കി.

ഞായറാഴ്ച മലപ്പുറം ലീഗ് ഹൗസിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികള്‍, എം.എല്‍.എമാര്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ, പോഷകസംഘടനകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് കോൺഗ്രസ് നേതാക്കളുടെ ചെയ്തികൾക്കെതിരെ വിമർശനമുണ്ടായത്. നേതൃയോഗത്തിൽ എം.കെ മുനീർ, കെ.എം ഷാജി തുടങ്ങിയ നേതാക്കൾ വി.ഡി സതീശനെ വിമർശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. പി.വി അൻവറിനെ യു.ഡി.എഫിനൊപ്പം കൂട്ടണമായിരുന്നു എന്ന് നേതാക്കൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

വി.ഡി. സതീശന്‍റേത് തികഞ്ഞ ഏകാധിപത്യപ്രവണതയാണെന്ന് ചില നേതാക്കൾ വിമര്‍ശനമുന്നയിച്ചത്.

ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസിൽനിന്നുണ്ടാകുന്നത്. മുമ്പ് ഇത്തരം പ്രശ്നങ്ങളിൽ ലീഗ് ഇടപെട്ടാൽ പരിഹാരം ഉണ്ടാകുമെന്ന വിശ്വാസം മുന്നണിപ്രവർത്തകർക്ക് ഉണ്ടായിരുന്നു. ആ വിശ്വാസ്യത കോൺഗ്രസ് കളഞ്ഞുകുളിച്ചുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നതായാണ് റിപ്പോർട്ടുകൾ.

വിമർശനങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടിയും ശരിവെച്ചതായാണ് വാർത്തകളെങ്കിലും ഇത്തരം ചർച്ചകൾ ഉണ്ടായിട്ടില്ല എന്ന് പി.കെ കുഞ്ഞാലിക്കുട്ടി പിന്നീട് പ്രസ്താവനയിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.