കൊച്ചി: മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് വസ്തുതാന്വേഷണ കമീഷന്‍. സംസ്ഥാന വഖഫ് ബോർഡുമായി സമവായ ചർച്ചകളിലൂടെ പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്ന് കമീഷൻ ശിപാർശ ചെയ്യും.
കോടതി വിധി എതിരായാൽ പൊതുതാൽപര്യം മുൻനിർത്തി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിന് നിയമതടസമില്ലെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വ്യക്തമാക്കി. മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് വസ്തുതാന്വേഷണ കമീഷന്‍റെ റിപ്പോർട്ട് അടുത്തയാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
1. മുനമ്പത്ത് കുടിയൊഴിപ്പിക്കൽ പ്രായോഗികമല്ല, സംസ്ഥാന സർക്കാർ മറ്റ് വഴികൾ തേടണം
2. വഖഫ് ബോർഡും ഫറൂഖ് കോളജ് മാനേജ്മെന്‍റും തമ്മിൽ സർക്കാർ സമവായ ശ്രമങ്ങൾ നടത്തണം
3. ഭൂമി വഖഫ് എന്ന് കണ്ടെത്തിയാൽ അടിയന്തര ഇടപെടൽ വേണം
4. ഭൂമി നിയമപരമായി ഏറ്റെടുത്താൽ ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം
5. മുനമ്പത്തുകാരുടെ ഭൂമിക്ക് എല്ലാ അവകാശങ്ങളും അടിയന്തരമായി പുനഃസ്ഥാപിക്കണം.
മുനമ്പം നിവാസികളെ കുടിയൊഴുപ്പിക്കരുതെന്നാണ് സർക്കാർ നിലപാട്. പുനരധിവാസം പ്രായോഗികമല്ല. നിവാസികളെ മുനമ്പത്ത് തന്നെ നിലനിർത്തേണ്ടതുണ്ട്. ഒന്നെങ്കിൽ മുനമ്പം നിവാസികൾ കേസിൽ തോൽക്കണം, അല്ലെങ്കിൽ വഖഫ് ബോർഡ് ജയിക്കണം. പുതിയ നിയമപ്രകാരം പുറത്താക്കാൻ വഖഫ് ബോർഡിന് അവകാശം കിട്ടിയാൽ സർക്കാർ മുനമ്പം നിവാസികളെ സംരക്ഷിക്കണം. മുനമ്പം നിവാസികളെ എങ്ങനെ സംരക്ഷിക്കാമെന്നാണ് കമീഷൻ ശിപാർശ ചെയ്യുന്നത് -ജസ്റ്റിസ് രാമചന്ദ്രൻ വ്യക്തമാക്കി.
കേസിന് രണ്ട് തലങ്ങളാണുള്ളത്. ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കുകയാണ് ഒന്നാമത്തേത്. വഖഫ് ആണെങ്കിൽ പ്രദേശവാസികളെ ഒഴിപ്പിക്കാനും കൈവശപ്പെടുത്താനും അവകാശമുണ്ടെന്ന് കോടതി പറയുകയാണ് രണ്ടാമത്തേത്. ഇത് രണ്ടും കഴിഞ്ഞാൽ പ്രദേശവാസികളെ പുറത്താക്കാതെ ഏത് രീതിയിൽ സംരക്ഷിക്കുക എന്നതാണ് സർക്കാർ നോക്കുക.
വഖഫ് ബോർഡും ഫറൂഖ് കോളജ് മാനേജ്മെന്‍റുമായും സർക്കാർ സമവായ ശ്രമങ്ങൾ നടത്തി പ്രശ്നം പരിഹരിക്കണം. ഇത് സാധ്യമായില്ലെങ്കിൽ പൊതുതാൽപര്യം മുൻനിർത്തി വഖഫ് ഭൂമി സർക്കാർ ഏറ്റെടുക്കണം. ഇതിന് വഖഫ് നിയമത്തിൽ വ്യവസ്ഥയുണ്ട്. നിലവിലെ നിയമത്തിലെ അധികാരം കൊണ്ട് മുനമ്പം നിവാസികളെ സംരക്ഷിക്കാൻ സർക്കാറിന് സാധിക്കും. ഭൂമി ഏറ്റെടുക്കുമ്പോൾ വഖഫ് ബോർഡിന് നഷ്ടമുണ്ടാകും. ഈ നഷ്ടം ബോർഡും സർക്കാരും ചർച്ചയിലൂടെ സമവായത്തിൽ എത്തണം. -ജസ്റ്റിസ് രാമചന്ദ്രൻ നായർ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ പ്രശ്നത്തിൽ വസ്തുതാന്വേഷണം നടത്താനാണ് ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി സംസ്ഥാന സർക്കാർ നിയോഗിച്ചത്. കമീഷൻ മുനമ്പം ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താൽപര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുകയും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്യുകയും വേണം.
പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ, അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സർവേ നമ്പർ 18/1ൽ ഉൾപ്പെട്ട മുനമ്പത്തെ വസ്തുവിന്റെ നിലവിലെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ തിരിച്ചറിയുക എന്നതും കമീഷന്‍റെ പരിഗണന വിഷയമായി നിശ്ചയിച്ചിട്ടുണ്ട്. വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ മൂന്നു മാസത്തിനകം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കണമായിരുന്നു നിർദേശം.
കമീഷൻസ് ഓഫ് എൻക്വയറി ആക്ടിലെ അഞ്ചാം വകുപ്പിന്റെ രണ്ട് മുതൽ അഞ്ച് വരെയുള്ള ഉപവകുപ്പുകൾ പ്രകാരമുള്ള അധികാരങ്ങൾ കമീഷനുണ്ടായിരിക്കും. പ്രസക്തമായതോ ഉപകാരപ്പെടുന്നതോ ആയ വിവരങ്ങൾ ഏതൊരു വ്യക്തിയിൽ നിന്ന് ആവശ്യപ്പെടാനോ ഹാജരാക്കാൻ നിർദേശിക്കാനോ ഈ വകുപ്പുകൾ പ്രകാരം കമീഷന്‍ അധികാരമുണ്ടായിരിക്കും. സിവിൽ കോടതിയുടെ അധികാരത്തോടെയായിരിക്കും കമീഷൻ പ്രവർത്തിക്കുക എന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.
അതേസമയം, മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ കേരള വഖഫ് സംരക്ഷണ വേദിയടക്കം ഫയൽ ചെയ്ത ഹരജിയിൽ മാർച്ച് 17ന് ജുഡീഷ്യൽ കമീഷൻ നിയമനം ഹൈകോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാൽ, സർക്കാറിന്‍റെ അപ്പീലിൽ കമീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് ജുഡീഷ്യൽ കമീഷന്‍റെ പ്രവർത്തനം തുടരാൻ താൽക്കാലികാനുമതി നൽകി. എന്നാൽ, കമീഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിൽ കോടതി അനുമതിയില്ലാതെ സർക്കാർ നടപടി സ്വീകരിക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്നല്ല, വസ്തുതാന്വേഷണം നടത്താനാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ നിയമിച്ചതെന്നാണ് സർക്കാർ ഹൈകോടതിയെ അറിയിച്ചത്. ഈ ഭൂമിയിൽ വർഷങ്ങളായി താമസിക്കുന്നവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ചാണ് പരിശോധിക്കുന്നതെന്ന സർക്കാർ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഹൈകോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.