കൊച്ചി: മുനമ്പം പ്രശ്നത്തിൽ ജുഡീഷ്യൽ കമീഷൻ പരിഗണനാ വിഷയങ്ങൾ അട്ടിമറിക്കുന്നതായി വഖഫ് സംരക്ഷണ വേദി. സർക്കാർ നിശ്ചയിച്ച ടേംസ് ഓഫ് റഫറൻസ് മറികടന്നുള്ള പ്രവർത്തനമാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കമീഷന്റെ പരിഗണനാവിഷയത്തിൽ ഒന്നാമത്തേത് 18-1ൽ ഉൾപ്പെട്ട വസ്തുവിന്റെ നിലവിലെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ തിരിച്ചറിയുക എന്നതാണ്. എന്നാൽ, ഇതിനുവേണ്ട നടപടികൾ സ്വീകരിക്കാതെ കുറേയാളുകളെ വിളിച്ചിരുത്തി വാദം കേൾക്കുക മാത്രമാണ് ചെയ്തത്. തന്റെ പരിധി മറികടന്നുള്ള അഭിപ്രായ പ്രകടനങ്ങളും കമീഷൻ നടത്തി. മുനമ്പത്തെ 404.76 ഏക്കർ ഭൂമി വഖഫാണെന്ന് സർക്കാർ രേഖകളും കമീഷനും കോടതിവിധികളും സാക്ഷ്യപ്പെടുത്തിയതാണ്.
അതുകൊണ്ടുതന്നെ ഇത് ഗിഫ്റ്റഡ് ഡീഡാണെന്ന ഫാറൂഖ് കോളജിന്റെ വാദം നിലനിൽക്കില്ല. മുനമ്പത്തെ വഖഫ് ഭൂമി സർക്കാർ തിരിച്ചുപിടിക്കുന്നതുവരെ പ്രതിഷേധം തുടരും. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് നാലിന് പറവൂർ മുനിസിപ്പൽ പാർക്ക് മൈതാനിയിൽ സമ്മേളനം നടത്തും. വി.എച്ച്. അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്യും. സംരക്ഷണവേദി പറവൂർ വൈപ്പിൻ മേഖല കമ്മിറ്റി ചെയർമാൻ ഷാജഹാൻ ഹാജി, ഭാരവാഹികളായ സുന്നാജാൻ, വി.എം. ഫൈസൽ, അബ്ദുല്ല മണ്ണാന്ത്ര, അഡ്വ.എം.എം. അലിയാർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.