മു​ങ്ങു​ന്ന കാ​ട്... മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മു​ങ്ങി​ത്തു​ട​ങ്ങി​യ തീ​ര​വും കാ​ടും

മുല്ലപ്പെരിയാർ: മരംമുറിക്ക് അനുമതി തേടി വീണ്ടും തമിഴ്നാട്

കുമളി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം തുടരുന്ന ജാഗ്രതക്കുറവ് നേട്ടമാക്കാൻ തമിഴ്നാട് നീക്കം തുടങ്ങി. പ്രധാന അണക്കെട്ടിന് സമീപത്തെ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 142ൽനിന്ന് പരമാവധി അളവായ 152ൽ എത്തിക്കുകയാണ് തമിഴ്നാടിന്‍റെ ലക്ഷ്യം.

ഇതിനായി ബേബി ഡാമിനു പിന്നിലെ മരങ്ങൾ മുറിക്കാൻ അനുമതി തേടിയാണ് തമിഴ്നാട് രംഗത്തെത്തിയിട്ടുള്ളത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136ൽനിന്ന് 142 അടിയാക്കി ഉയർത്തിയതോടെ, മഴക്കാലത്ത് കേരളം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ജലനിരപ്പ് 142ൽ നിയന്ത്രിക്കാൻ മുല്ലപ്പെരിയാറിൽനിന്ന് ഇടുക്കിയിലേക്കും ഇവിടെ നിന്ന് മറ്റു ഭാഗങ്ങളിലേക്കും വെള്ളം തുറന്നുവിടുന്നത് വലിയ ദുരിതങ്ങൾക്ക് ഇടയാക്കുകയാണ്. ജലനിരപ്പ് ഉയർത്തിയതോടെ പെരിയാർ കടുവ സങ്കേതത്തിലെ ഏക്കർ കണക്കിന് വനമേഖലയാണ് വെള്ളത്തിനടിയിലായത്.

പുൽമേടുകൾ, മരങ്ങൾ, കാട്ടുചെടികൾ എന്നിവയെല്ലാം മാസങ്ങളോളം വെള്ളത്തിൽ മുങ്ങിയതോടെ ഇവയെല്ലാം നശിച്ചു. പുൽമേടുകളിൽ ജീവിച്ചിരുന്ന ചെറുജീവികൾ മറ്റു ജീവജാലങ്ങൾ എന്നിവക്കെല്ലാം വെള്ളപ്പൊക്കം ഭീഷണിയായി. തീരവും തീരത്ത് മേയുന്ന മൃഗങ്ങളും ഇല്ലാതായാൽ തേക്കടി തടാകത്തിന്‍റെ സൗന്ദര്യം നഷ്ടമാകും. ഇത് തേക്കടിയെ ടൂറിസം രംഗത്ത് പിന്നോട്ടടിക്കും.

ബേബി ഡാമിനു പിന്നിലെ 15 മരങ്ങൾ മുറിക്കാൻ കഴിഞ്ഞ നവംബറിൽ തമിഴ്നാടിന് വനം വകുപ്പ് അനുമതി നൽകിയിരുന്നു. ഇത് വിവാദമായതോടെ തീരുമാനം മരവിപ്പിച്ചു. എന്നാൽ, ഇടവേളക്കുശേഷം ഇതേ ആവശ്യം മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി വഴിയാണ് തമിഴ്നാട് വീണ്ടും കേരളത്തിന് മുന്നിൽ വെച്ചിരിക്കുന്നത്.

മരം മുറിക്കാൻ കേരളം വീണ്ടും അനുമതി നൽകിയാൽ, ബേബി ഡാം ബലപ്പെടുത്തി അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ തമിഴ്നാടിന് ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Mullaperiyar Tamil Nadu seeks permission to cut trees again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.