മൂഫിയ പർവീൺ

പൊലീസിൽ നിന്നടക്കം നീതി ലഭിച്ചില്ലെന്ന് മൂഫിയയുടെ പിതാവ്

ആലുവ: തനിക്കും മകൾക്കും പൊലീസിൽ നിന്നടക്കം നീതി ലഭിച്ചില്ലെന്ന് ജീവനൊടുക്കിയ വിദ്യാർഥിനി മൂഫിയ പർവീണിന്‍റെ പിതാവ് ദിൽഷാദ്. സംസ്‌ഥാന വനിത കമീഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.

അവരാണ് പരാതി എസ്.പിക്ക് കൈമാറിയത്. രണ്ട് മാസം മുമ്പാണ് സുഹൈൽ മൂഫിയക്ക്​ തലാഖ് ചൊല്ലി നോട്ടീസയക്കുന്നതെന്ന് കുടുംബം പറയുന്നു. ഇതോടൊപ്പം 2500 രൂപയും അയച്ചു. വിവാഹമോചനശേഷം മതാചാരപ്രകാരമുള്ള ഇദ്ദ ഇരിക്കാനാണ് പണം അയച്ചത്. ഇതും പരാതിയായി നൽകിയെങ്കിലും ഗാർഹികപീഡനമടക്കം ഒരു പരാതിയും പൊലീസ് കാര്യമായി എടുത്തില്ല.

ഇതിനിടയിൽ എസ്.പിക്ക് ദേശീയ മനുഷ്യാവകാശ കമീഷൻ കൈമാറിയ പരാതിയുടെ അടിസ്‌ഥാനത്തിൽ സി.ഐയോട് പരാതി പരിഹരിക്കാൻ എസ്.പി നിർദ്ദേശിച്ചു. ഇതേ തുടർന്ന് മാത്രമാണ് പൊലീസ് ഇരുകൂട്ടരെയും ചർച്ചക്ക് വിളിച്ചത്.

എന്നാൽ, അവിടെയും തങ്ങൾക്ക് ദുരനുഭവമായിരുന്നു നേരിടേണ്ടി വന്നത്. പരുഷമായാണ് സി.ഐ സംസാരിച്ചത്. സി.ഐ മകളെ ചീത്ത വിളിച്ചത് മൂഫിയ ആത്മഹത്യാക്കുറിപ്പിലും എഴുതിയിട്ടുണ്ട്. സി.ഐയെ സസ്‌പെൻറ് ചെയ്യാതെ ഒരു അന്വേഷണത്തിനോടും സഹകരിക്കാനില്ലെന്ന് ദിൽഷാദ്​ പറഞ്ഞു.  

'പപ്പാ നിങ്ങൾ പറഞ്ഞതായിരുന്നു ശരി'; ഭർത്താവിനും സി.ഐക്കുമെതിരെ കുറിപ്പെഴുതി യുവതി ജീവനൊടുക്കി; ആത്​മഹത്യ കുറിപ്പ്​ പുറത്ത്​

ആലുവ: ഭർത്താവിനും ഭർതൃകുടുംബത്തിനും ​ആലുവ സി.ഐക്കുമെതിരെ കുറിപ്പെഴുതിവെച്ച്​ യുവതി ആത്മഹത്യ ചെയ്​തു. എടയപുറത്ത് താമസിക്കുന്ന കക്കാട്ട് ദിൽഷാദിന്‍റെ മകളും നിയമ വിദ്യാർഥിയുമായ മൂഫിയ പർവീനാണ് ആത്മഹത്യ ചെയ്തത്.

ഭർത്താവ് സുഹൈലുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ സി.ഐ തിങ്കളാഴ്ച്ച രാവിലെ മധ്യസ്ഥ ചർച്ചക്ക് വിളിച്ചിരുന്നു. ഭർത്താവ് ഒരു രാഷ്ട്രീയ നേതാവിനൊപ്പമാണത്രെ ചർച്ചക്കെത്തിയത്. അവിടെ വച്ച് സി.ഐ തന്നോട് മോശമായി പെരുമാറിയെന്ന് യുവതിയുടെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെ എത്തിയ യുവതി വൈകീട്ട് മൂന്നു മണിയോടെ മുറിയിൽ കയറി കതകടച്ചു. ഏറെ നേരമായിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വൈകീട്ട് ആറുമണിയോടെ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.

ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് എം.എൽ.എ ഇടപെട്ട് രാത്രി തന്നെ തഹസിൽദാറെ വരുത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. തുടർന്നാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. യുവതിയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പും ഫോണും അധികൃതർ കൊണ്ടുപോയിട്ടുണ്ട്.

'പപ്പാ, ചാച്ചാ നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയില്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഈ ​ലോകത്ത്​ ആരേക്കാളും സ്​നേഹിച്ചയാൾ എന്നെ പറ്റി പറയുന്നത്​ കേൾക്കാൻ ശക്​തിയില്ല.' -ഇങ്ങിനെയാണ്​ മൂഫിയയുടെ ആതമഹത്യാ കുറിപ്പ്​ തുടങ്ങുന്നത്​. സി.ഐക്കെതിരെ നടപടി വേണമെന്നും ഭർത്താവ്​ സുഹൈലും പിതാവും മാതാവും ക്രിമിനലുകളാണെന്നും പരമാവധി ശിക്ഷ ലഭിക്കണമെന്നുമാണ്​ അവസാനത്തെ ആഗ്രഹമെന്നും മൂഫിയ കുറിപ്പിൽ എഴുതിയിട്ടുണ്ട്​.

എന്നാൽ, പൊലീസ്​ ആരോപണം ​പൂർണമായും നിഷേധിച്ചു. യുവതി ഭർത്താവിനോട്​ മോശമായി പെരുമാറിയതോടെ അവരെ ശാസിക്കുക മാത്രമാണ്​ ചെയ്​തതെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവത്തിനു പിന്നാലെ ഗാർഹിക പീഡന​ത്തിന്​ ഭർതൃകുടുംബത്തിനെതിരെ കേസ്​ എടുത്തിട്ടുണ്ട്​. 

Tags:    
News Summary - Mufia's father says he did not get justice from the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.