വ്യാജന്മാരുടെ സംഘടനക്ക് മറ്റുള്ളവർ ചെയ്യുന്നതും വ്യാജമെന്നേ തോന്നൂ; എസ്.എഫ്.ഐക്കും ദേശാഭിമാനിക്കുമുള്ള വക്കീൽ നോട്ടീസ് വ്യാജവാർത്ത പ്രചരിപ്പിച്ചതിലുള്ള പാരിതോഷികമെന്ന് പി.കെ നവാസ്

തിരുവനന്തപുരം: കാലിക്കറ്റ് സെനറ്റ് അംഗവും എം.എസ്.എഫ് നേതാവുമായ അമീർ റാഷിദിനെതിരെ ഉയർന്ന വ്യാജരേഖ ആരോപണത്തിൽ എസ്.എഫ്.ഐക്കും ദേശാഭിമാനിക്കും വക്കീൽ നോട്ടീസയച്ച് പാർട്ടി സംസ്ഥാന കമ്മിറ്റി.

അടിമുടി വ്യാജന്മാരുടെ സംഘടനയായ എസ്.എഫ്.ഐക്ക് മറ്റുള്ളവർ ചെയ്യുന്നതൊക്കെ വ്യാജമാണെന്ന് തോന്നുന്നതിൽ തെറ്റ് പറയാനാകില്ലെന്നാണ് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.കെ നവാസ് വക്കീൽ നോട്ടീസ് അയച്ച വിവരം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കുറിപ്പിൽ എം.എസ്.എഫ് സെനറ്റ് അംഗം വ്യാജരേഖ ഉണ്ടാക്കിയെന്ന വ്യാജ വാർത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ചതിനുള്ള പാരിതോഷികമാണ് വക്കീൽ നോട്ടീസെന്നും പി.കെ നവാസ് കൂട്ടിച്ചേർത്തു.

സൈബർ സഖാക്കൾക്ക് ഒരു ദിവസത്തെ മൃഷ്ടാന ഭോജനത്തിന് മാത്രമായി "വ്യാജ രേഖ" വാർത്ത ഒതുങ്ങി. ജയിപ്പിക്കാനറിയാമെങ്കിൽ എം.എസ്.എഫ് പ്രതിനിധികളെ സെനറ്റ് യോഗത്തിൽ ഇരുത്താനും പാർട്ടിക്കറിയാം.

അത് തടുക്കാൻ എസ്.എഫ്.ഐ ഒന്നൂടെ മൂക്കണമെന്നും ലഭിക്കാവുന്ന എല്ലാ അധികാരവും ഉപയോഗപ്പെടുത്തി ശ്രമിച്ചുനോക്കണമെന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു എം.എസ്.എഫ് സെനറ്റ് അംഗമായ അമീർ റാഷിദിന്‍റെ സെനറ്റ് അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവരുന്നത്. റെഗുലർ വിദ്യാർഥിയാണെന്ന വ്യാജരേഖ ചമച്ച് സെനറ്റ് അംഗത്വം നേടിയെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു റാഷിദിനെതിരായ നടപടി. എസ്.എഫ്.ഐ, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിക്ക്,

ഒരു കത്ത് എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മറ്റി ഓഫീസിലോട്ട് അയച്ചിട്ടുണ്ട്. കൂടെ "കള്ളം" നേരത്തെ അറിയിക്കുന്ന ദേശാഭിമാനിക്കും. അതായത്, ഇന്നലെ എം.എസ്.എഫ് സെനറ്റ് അംഗം വ്യജ രേഖ ഉണ്ടാക്കിയെന്ന വ്യാജ വാർത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ചതിനുള്ള പാരിതോഷികമാണ്. സൈബർ സഖാക്കൾക്ക് ഒരു ദിവസത്തെ മൃഷ്ടാന ഭോജനത്തിന് മാത്രമായി "വ്യാജ രേഖ" വാർത്ത ഒതുങ്ങി.

എന്തായാലും എഴുതാത്ത പരീക്ഷ ജയിക്കാൻ വ്യാജ മാർക്ക്ലിസ്റ്റും, ഡിഗ്രി ജയിക്കാതെ പിജിക്ക് പഠിക്കാൻ വ്യാജ സർട്ടിഫിക്കറ്റും,

വാഴക്കുല Phdയും, യൂണിവേഴ്സിറ്റി ഉത്തര കടലാസ് വ്യാജമായി പ്രിൻറ് ചെയ്ത് stock ചെയ്യുന്നതും, ആൾമാറാട്ടം നടത്തി UUC ആവുന്നതും, PSC ലിസ്റ്റിൽ വ്യാജമായി ഇടം കണ്ടെത്തുന്നമടക്കം അടിമുടി വ്യാജന്മാരുടെ സംഘടനയായ sfi ക്ക് മറ്റുളളവർ ചെയ്യുന്നതൊക്കെ വ്യാജമാണെന്ന് തോന്നുന്നത് തെറ്റ് പറയാനാവില്ല.

ഇനി ഈ വക്കീൽ നോട്ടീസ് ഞങ്ങൾക്ക് 'വാറോലയാണ്' ഞങ്ങൾക്ക് ഇത് 'പുല്ലാണ്' എന്നൊക്കെ മോങ്ങുന്നതിന്റെ മുമ്പ് ഇന്നലെ പറഞ്ഞ വ്യാജരേഖ ഒന്ന് പുറത്തേക്ക് ഇട്ടേക്കണം.

പിന്നെ ഒന്നുറപ്പിച്ച് പറഞ്ഞേക്കാം, ജയിപ്പിക്കാനറിയാമെങ്കിൽ എം.എസ്.എഫ് പ്രതിനിധികളെ സെനറ്റ് യോഗത്തിൽ ഇരുത്താനും ഞങ്ങൾക്കറിയാം. അത് തടുക്കാൻ sfi ഒന്നൂടെ മൂക്കണം, വ്യാജനായും ഒറിജിനലായും..

സകല അധികാരവും വെച്ച് sfi ഒന്ന് നോക്ക്, നമുക്ക് കാണാം..

Tags:    
News Summary - MSF sends notice to Deshabhimani and SFI, says it is a reward for spreading fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.