അബ്​ദുറഹീം, ഉമ്മ ഫാത്തിമ

‘മരിക്കും മുമ്പേ മകനെ കണ്ടാലേ ആശ്വാസമാകൂ...’; റഹീം കേസിലെ വിധിയിൽ ഉമ്മ ഫാത്തിമ

കോഴിക്കോട്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്​ദുൽ റഹീമി​നെതിരായ സൗദി കോടതി വിധിയിൽ പ്രതികരിച്ച് ഉമ്മ ഫാത്തിമ. സ്വന്തം മകനെ കണ്ടാലേ ആശ്വാസമാകൂയെന്നും മരിക്കും മുമ്പേ റഹീമിനെ കാണണമെന്നും ഉമ്മ ഫാത്തിമ മാധ്യമങ്ങളോട് വ്യക്തമാക്കി.

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ കേസിൽ ഇന്നാണ് സുപ്രധാന വിധി സൗദി കോടതി വിധിച്ചത്. പൊതു അവകാശ (പബ്ലിക്​ റൈറ്റ്​സ്​) പ്രകാരമാണ് 20 വർഷത്തേക്ക്​ തടവുശിക്ഷ റിയാദ് ക്രിമിനൽ കോടതി വിധിച്ചത്.

ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി എന്നതിനാൽ ഒരു വർഷത്തിന് ശേഷം അബ്ദുൽ റഹീം ജയിൽ മോചിതനാവും. റിയാദിലെ ഇസ്​കാൻ ജയിലിൽ കഴിയുന്ന റഹീമി​ തടവുകാലം ഇപ്പോൾ 19-ാം വർഷത്തിലാണ്​.

ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽ നിന്ന്​ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീം കുടംബത്തിന്‍റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പ​ങ്കെടുത്തു.

ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ്​. ഒറിജിനൽ കേസ്​ ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന്​ പറഞ്ഞാണ്​ അന്ന്​ കേസ്​ മാറ്റിവെച്ചത്​. സ്വകാര്യ അവകാശത്തിന്‍റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ്​ 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച്​ വാദിഭാഗം മാപ്പ്​ നൽകിയതോടെ ഒമ്പത്​​ മാസം മുമ്പ്​ ഒഴിവായത്​.

എന്നാൽ, പബ്ലിക്​ റൈറ്റ്​ പ്രകാരം തീർപ്പാവാത്തതാണ്​ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്​​. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒമ്പത്​ മാസത്തിനിടെ 13 സിറ്റിങ് ആണ്​ നടന്നത്​. 

Tags:    
News Summary - Mother Fatima React to Abdul Rahim Case in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.