രാജ്യത്താകെയുള്ള സി.പി.എം അംഗങ്ങളിൽ പകുതിയിലേറെയും കേരളത്തിലാണെന്ന് സംഘടന റിപ്പോര്‍ട്ട്. 2017-ലെ പാര്‍ട്ടി കോണ്‍ഗ്രസ് കാലയളവില്‍ രാജ്യത്ത് 10,25,352 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോഴത് 9,85,757 അംഗങ്ങളായി കുറഞ്ഞു. 39,595 അംഗങ്ങളുടെ കുറവാണുള്ളത്. നാലു വർഷത്തിനിടെ കേരളത്തിൽ മാത്രമാണ് പാർട്ടിക്ക് വളരാനായത്. മറ്റിടങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരുകയോ അംഗസംഖ്യ കുറയുകയോ ആണ് ചെയ്തത്. ചില സംസ്ഥാനങ്ങളിൽ നാമമാത്ര വളർച്ചയുണ്ട്.
കേരളത്തില്‍ 4,63,472 പാര്‍ട്ടിയംഗങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ 5,27,174 അംഗങ്ങളായി വര്‍ധിച്ചു. പശ്ചിമബംഗാളില്‍ 2017-ല്‍ 2,08,923 അംഗങ്ങളുണ്ടായിരുന്നു. അതിപ്പോള്‍ 1,60,827 ആയി കുറഞ്ഞു. ത്രിപുരയില്‍ അംഗസംഖ്യ പകുതിയായി കുറഞ്ഞു. 2017-ല്‍ 97,990 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ 50,612 പേരേയുള്ളൂ.
ആന്ധ്രാപ്രദേശില്‍ കാല്‍ലക്ഷമുണ്ടായിരുന്ന അംഗസംഖ്യ ഇപ്പോള്‍ 23,130 ആയും കര്‍ണാടകയില്‍ 9190 ആയിരുന്നത് 8052 ആയും കുറഞ്ഞു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നേരിയ വര്‍ധനയുണ്ടായി. 2017-ല്‍ 12,458 പേരായിരുന്നു മഹാരാഷ്ട്രയിലെ അംഗസംഖ്യ. ഇതിപ്പോള്‍ 12,807 ആയി കൂടി. തമിഴ്നാട്ടില്‍ 2017-ല്‍ 93,780 ആയിരുന്നത് ഇപ്പോള്‍ 93,982 ആയി വർധിച്ചു.
ബിഹാറില്‍ 18,590 അംഗങ്ങളുണ്ടായിരുന്നത് 19,400 ആയി വർധിച്ചു. ഗുജറാത്തില്‍ 3718 ഉള്ളത് വലിയ മാറ്റമില്ലാതെ 3724 ആയി. ഹിമാചല്‍പ്രദേശില്‍ 2016 പേരുള്ളത് 2205 ആയാണ് വര്‍ധിച്ചത്. പഞ്ചാബിൽ 2017-ല്‍ 7693 ആയിരുന്ന അംഗസംഖ്യ ഇപ്പോള്‍ 8389 ആയി കൂടി. രാജസ്ഥാനില്‍ 2017-ല്‍ 4707 ആയിരുന്നത് 5218 ആയി കൂടിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഡൽഹിയിൽ 2017-ല്‍ 2023 പേരുണ്ടായിരുന്നത് ഇപ്പോള്‍ 2213 ആയാണ് വർധിച്ചത്.
തെലങ്കാന -32,177, ഉത്തര്‍പ്രദേശ് -5368, ഉത്തരാഖണ്ഡ് -1451, മധ്യപ്രദേശ് -2608, ജാര്‍ഖണ്ഡ് -5185, ഒഡിഷ -3647, ജമ്മുകശ്മീര്‍ -1660, ഛത്തീസ്ഗഢ് -1344, അസം -11,644 എന്നിങ്ങനെയാണ് അംഗങ്ങള്‍. 2017-ല്‍നിന്ന് 2022 ൽ എത്തിയപ്പോൾ ഈ സംസ്ഥാനങ്ങളിലെല്ലാം അംഗങ്ങളുടെ എണ്ണം കുറയുകയായിരുന്നുവെന്ന് സംഘടന റിപ്പോര്‍ട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.