തിരുവനന്തപുരം: പേവിഷബാധയും തെരുവുനായ് ആക്രമണങ്ങളും ആശങ്കയായിട്ടും പ്രതിരോധ പ്രഖ്യാപനങ്ങൾ മിക്കതും പാളിയ സ്ഥിതിയിൽ. ദിവസവും ആയിരത്തിലധികം പേരാണ് തെരുവുനായ് ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സ തേടുന്നത്. തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധയേൽക്കുന്നവരുടെ എണ്ണം കൂടുന്നതും ആശങ്കയാകുന്നു.
ഈ വർഷം നാലുമാസത്തിനിടെ, മാത്രം13 പേവിഷ മരണമാണുണ്ടായത്. സംസ്ഥാനത്ത് നാലു ലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് സർക്കാർ കണക്ക്. 17 ലക്ഷത്തോളമെന്നാണ് അനൗദ്യോഗിക കണക്ക്. തെരുവുനായ്ക്കൾ പെരുകുമ്പോഴും ജനനം നിയന്ത്രിക്കാൻ ആവിഷ്കരിച്ച പദ്ധതികളൊന്നും ഫലവത്താകുന്നില്ല.
2021-22ൽ തെരുവുനായ് ആക്രമണം രൂക്ഷമായപ്പോൾ തദ്ദേശ-മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം തുടങ്ങിയിരുന്നു. ഏതാനും മാസം മുന്നോട്ട് പോയെങ്കിലും ശല്യം കുറഞ്ഞതോടെ, നടപടി മന്ദഗതിയിലായി. തെരുവുനായ്ക്കൾക്ക് പേവിഷബാധക്കെതിരെ കുത്തിവെപ്പും ജനനം നിയന്ത്രിക്കാൻ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പ്രോഗ്രാമും ഊർജിതമാക്കണമെന്നായിരുന്നു നിർദേശം. ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പ്രത്യേക പ്രോജക്ടുകൾ തയാറാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചിരുന്നു. അതും ഗുണം ചെയ്തില്ല.
2022 സെപ്റ്റംബർ ഒന്നു മുതൽ 2023 ജൂൺ 11 വരെ 4,70,534 നായ്ക്കളെ വാക്സിനേറ്റ് ചെയ്തു. ഇതിൽ 4,38,473 വളർത്തുനായ്ക്കളും 32,061 തെരുവുനായ്ക്കളുമാണ്. 2016 മുതൽ 2022 ആഗസ്റ്റ് 31 വരെ 79, 859 തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ചത്. 2022 സെപ്റ്റംബർ ഒന്നു മുതൽ 2023 മാർച്ച് 31 വരെ 9767 നായ്ക്കളെയും വന്ധ്യംകരിച്ചു. 2022 സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ തെരുവുനായ്ക്കൾക്കായി തീവ്ര വാക്സിൻ യജ്ഞവും നടത്തിയിരുന്നു.
അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കാനും എ.ബി.സി കേന്ദ്രങ്ങൾ വ്യാപകമാക്കാനും നടപടി സ്വീകരിച്ചെങ്കിലും പ്രാദേശിക എതിർപ്പിൽ ഫലം കണ്ടില്ല. വളർത്തുനായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് മുന്നോട്ടുപോകുന്നുണ്ടെങ്കിലും തെരുവുനായ്ക്കളുടേത് നടക്കുന്നില്ല. തെരുവുനായ്ക്കൾ പെറ്റുപെരുകുന്ന അവസ്ഥയാണ് മിക്ക സ്ഥലങ്ങളിലും. മാലിന്യം വലിച്ചെറിയുന്നതും തെരുവുനായ് ശല്യം കൂടാൻ കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.