മൂലം വള്ളംകളിക്കായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് കാരിച്ചാൽ ചുണ്ടനിൽ പരിശീലനത്തിൽ
ആലപ്പുഴ: വഞ്ചിപ്പാട്ടിന്‍റെ ഈരടികൾ ഉയർന്ന്, ഓളപ്പരപ്പിലെ വേഗപ്പോരിന് മൂലം ജലോത്സവത്തോടെ ചൊവ്വാഴ്ച തുടക്കം. ആചാരപ്പെരുമകൊണ്ട് ചരിത്രത്തിൽ ഇടംപിടിച്ച ജലോത്സവത്തിൽ ഇത്തവണ വീറും വാശിയും ഏറും. സെപ്റ്റംബർ നാലിന് നെഹ്റു ട്രോഫിയോടെ തുടക്കമാകുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിനുള്ള മുന്നൊരുക്കം കൂടിയായാണ് പ്രബല ടീമുകൾ മൂലം ജലോത്സവത്തെ കണ്ടത്. അതുകൊണ്ട് തന്നെ ജയിച്ച് തുടങ്ങാൻ എല്ലാവരും തീവ്ര പരിശീലനത്തിലുമായിരുന്നു.
കഴിഞ്ഞ രണ്ടുവർഷവും മൂലം വള്ളംകളി ആചാരപരമായ ചടങ്ങുകളിൽ മാത്രം ഒതുങ്ങി. ഇത്തവണ വീണ്ടും മത്സരത്തിന് അരങ്ങൊരുങ്ങുമ്പോൾ ഒമ്പത് ചുണ്ടൻവള്ളങ്ങൾ മാത്രമാണ് പമ്പയാറ്റിൽ രാജപ്രമുഖൻ ട്രോഫിക്കുവേണ്ടി മാറ്റുരക്കാനെത്തുന്നത്. ചെറുവള്ളങ്ങൾ ഒന്നും മൽസരത്തിനില്ല. ബോണസ് തുക വേണ്ടെന്ന് വെച്ചാണ് ചുണ്ടൻ വള്ളങ്ങൾ മൂലം വള്ളംകളിക്ക് തുഴയെറിയുന്നതും.
വീയപുരം (വാരിയേഴ്സ് ബോട്ട് ക്ലബ്, കുട്ടനാട്), ആയാപറമ്പ് പാണ്ടി (പായിപ്പാട് ബോട്ട് ക്ലബ്), ആനാരി (വില്ലേജ് ബോട്ട് ക്ലബ് വീയപുരം), ചമ്പക്കുളം (കേരള പൊലീസ്), ചമ്പക്കുളം 2 (ചമ്പക്കുളം ബോട്ട് ക്ലബ്), കാരിച്ചാൽ (കാരിച്ചാൽ ബോട്ട് ക്ലബ്), ജവഹർ തായങ്കരി (യു.ബി.സി കൈനകരി), നടുഭാഗം (നടുഭാഗം ബോട്ട് ക്ലബ്), സെൻറ് ജോർജ്(സെന്‍റ് ജോർജ് ഫാൻസ് ക്ലബ് കാവാലം) എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിനുള്ളത്. ഒമ്പത് വള്ളങ്ങൾ മൂന്ന് ഹീറ്റ്സിലായി മത്സരിക്കും.
ചൊവ്വാഴ്ച ഉച്ചക്ക് 2.10ന് മന്ത്രി പി. പ്രസാദ് ജലോത്സവം ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് അസി. കമീഷണർ ജെ. ആശാകുമാരി, ചമ്പക്കുളം കല്ലൂർക്കാട് സെന്‍റ് മേരീസ് ബസലിക്ക റെക്ടർ ഗ്രിഗറി ഓണംകുളം എന്നിവർ ചേന്ന് ഭദ്രദീപം തെളിക്കും. 2.30 കളിവള്ളങ്ങളുടെ ജലഘോഷയാത്ര കൊടിക്കുന്നിൽ സുരേഷ് എം.പി. ഫ്ലാഗ്ഓഫ് ചെയ്യും.
മൂന്നിന് മത്സര വള്ളംകളി. ഇടവേളയിലെ സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാന വിതരണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ നിർവഹിക്കും.
മത്സരത്തിന് ഒമ്പത് ചുണ്ടൻ; ബോണസ് ഇല്ല
ആലപ്പുഴ: മൂലം വള്ളംകളിക്ക് ചുണ്ടൻ വള്ളങ്ങൾ തുഴയുന്നത് ബോണസ് ഇല്ലാതെ. മുൻ വർഷങ്ങളിൽ ഓരോ വള്ളത്തിനും ഒരുലക്ഷം രൂപയാണ് ബോണസ് നൽകിയിരുന്നത്. ഇതിനുൾപ്പെടെ വള്ളംകളി നടത്തിപ്പിന് 20 ലക്ഷം രൂപ വേണമെന്നിരിക്കെ 50,000 രൂപ മാത്രമാണ് കമ്മിറ്റിയുടെ കൈവശമുണ്ടായിരുന്നത്.
സർക്കാർ സഹായം ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ വള്ളംകളി മുടങ്ങുമെന്നായപ്പോൾ ബോണസില്ലാതെ തുഴയാൻ ക്ലബ്ബുകൾ മുന്നോട്ടുവരുകയായിരുന്നു. ഒരു ദിവസത്തെ പരിശീലനത്തിനുതന്നെ 75,000 രൂപ വരെ ചെലവാകുമെന്നിരിക്കെയാണ് ഇത്. ഇക്കാരണത്താലൊക്കെ ഒമ്പത് ചുണ്ടൻ മാത്രമാണ് മത്സരത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.