തിരുവനന്തപുരം: പാലക്കാട് എന്‍.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളില്‍നിന്ന് തന്നെ പ്രഥമദൃഷ്ട്യ കേസെടുക്കാന്‍ കഴിയും. വോട്ടിന് നോട്ട് എന്നത് ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ സംസ്‌കാരമാണ്. അതുതന്നെയാണ് കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നത്.
ബി.ജെ.പിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം. ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാന്‍ പണം കൊടുക്കുന്നത് തെളിവ് സഹിതം പിടിക്കുകയും അത് ചോദ്യം ചെയ്യുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തവരോട് കരണം അടിച്ച് പൊട്ടിക്കുമെന്ന ധാര്‍ഷ്ട്യത്തോടെ ഭീഷണിപ്പെടുത്തുകയാണ് എന്‍.ഡി.എ സ്ഥാനാർഥി പറയുന്നത്. വ്യാജ രേഖകള്‍ സൃഷ്ടിക്കുന്ന സി.പി.എമ്മും പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ബി.ജെ.പിയും ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. പരാജയഭീതി കാരണമാണ് ഇരുപാര്‍ട്ടികളും ഇത്തരം നടപടികളുമായി രംഗത്ത് വരുന്നത്. ആശയപരമായ നിലപാട് കൊണ്ട് ജനങ്ങള്‍ക്ക് ഇടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് വളഞ്ഞവഴി തിരഞ്ഞെടുക്കാന്‍ ഇരുമുന്നണികളെയും പ്രേരിപ്പിച്ചത്. ജനം ഇതെല്ലാം കാണുന്നുണ്ടെന്നും അതിനുള്ള മറുപടി ബാലറ്റിലൂടെ നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ വോട്ടിന് പണം ആരോപണത്തിൽ ജില്ല കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് റിപ്പോർട്ട് നൽകി. പണം ലഭിച്ചെന്ന ആരോപണം പ്രധാന സാക്ഷി നിഷേധിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കിയത്. പരാതി ലഭിച്ച് മണിക്കൂറുകൾക്കകമാണ് കലക്ടർ അന്വേഷണം നടത്തി പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചത്. സംഭവ സ്ഥലത്തെത്തി തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് അന്വേഷണം നടത്തിയിരുന്നു. പണം കിട്ടിയില്ലെന്നാണ് വയോധിക മൊഴി നൽകിയത്.
റിപ്പോർട്ട് പരിശോധിച്ച് കൂടുതൽ നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. പെരുമാറ്റചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കുമെന്നും ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. പാലക്കാട് സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഏപ്രിൽ എട്ടിന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തുവെന്നാണ് പരാതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ല തെരഞ്ഞെടുപ്പ് വിഭാഗം ഫ്ലൈയിങ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവുവിന്റെ (65) മൊഴി ഫ്ലൈയിങ് സ്ക്വാഡ് രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് പാലക്കാട് ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘത്തിലെ സ്ത്രീ വോട്ടറുടെ കൈയിൽ പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.