തൃശൂർ: ഒന്നാം പാദത്തിൽ കുറഞ്ഞ് രണ്ടാം പാദത്തിൽ തിമിർത്ത് പെയ്യുന്ന മൺസൂണിനെ ഇത്തവണ കാണാനില്ല. അഞ്ച് വർഷത്തിലധികമായി രണ്ടാം പാദത്തിൽ കൂടുതൽ ലഭിക്കുന്ന മഴയാണ് വലിയ അളവിൽ കുറഞ്ഞത്. ഇക്കുറി ശരാശരിക്കും അൽപം കൂടുതൽ സാധ്യത പറഞ്ഞിരുന്നെങ്കിലും രണ്ട് പാദത്തിലും കേരളത്തിൽ മഴക്കമ്മിയാണ്. ജൂൺ ഒന്ന് മുതൽ ഇതുവരെ 27 ശതമാനത്തിെൻറ കുറവാണുള്ളത്.
1182.3ന് പകരം 1617.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കോട്ടയം (03), പത്തനംതിട്ട (-06), എറണാകുളം (-14) ജില്ലകളിലൊഴികെ 11 ജില്ലകളിൽ മഴക്കമ്മിയാണുള്ളത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ആഗസ്റ്റിലാണ് അധികമഴ ലഭിച്ചത്. ഇൗ സാഹചര്യം ഇല്ലാതായെങ്കിലും മൺസൂൺ അവസാനിക്കാൻ ഒന്നര മാസം ശേഷിക്കെ ഒന്നും പറയാനാവാത്ത നിലയിലാണുള്ളത്; കാലാവസ്ഥ വ്യതിയാന നാളുകളിൽ പ്രത്യേകിച്ചും.
എപ്രിൽ 15ന് നടത്തിയ ആദ്യ മൺസൂൺ പ്രവചനത്തിൽ രാജ്യത്താകെ ശരാശരി മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. എന്നാൽ, കേരളം ഉൾപ്പെടുന്ന മേഖലയിൽ ശരാശരിയിൽ അൽപം കൂടുതൽ മഴ സാധ്യതയാണ് നേരത്തെ വിലയിരുത്തിയത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 2018ലും 2019ലും പ്രളയം തീർത്തപ്പോഴും കേരളത്തിൽ ശരാശരി മഴയാണ് പ്രവചിച്ചത്. കഴിഞ്ഞ വർഷം പ്രളയമുണ്ടായില്ലെങ്കിലും അതിതീവ്ര മഴ മൂലം ആഗസ്റ്റിൽ ഇടുക്കി പെട്ടിമുടിയിൽ ദുരന്തവുമുണ്ടായി.
അതിനിടെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടുകയാണ്. ബംഗാൾ ഉൾക്കടലിൽ ഒഡിഷ-ആന്ധ്ര തീരത്തിന് സമീപമായി ചൊവ്വാഴ്ചയാണ് ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത. ശക്തി കുറഞ്ഞ ന്യൂനമർദ ഫലമായി വ്യാപകമായി സാധാരണ മഴ ലഭിക്കാനിടയുണ്ട്. എന്നാലും ഒന്നും പ്രവചിക്കാൻ കാലാവസ്ഥ ഗവേഷകർ തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.