മോൺസന്റെ കയ്യിലെ ചെമ്പോല പുരാവസ്തുവല്ല; കുന്തവും രണ്ട് നാണയവും ദീർഘകാല പഴക്കമുള്ളത്

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. മ്യൂസിയത്തിലുണ്ടായിരുന്ന രണ്ട് നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്തു മൂല്യമുള്ള വസ്തുക്കളെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തി.

ചെമ്പോല സംബന്ധിച്ച പരിശോധന നടത്തിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ നിയോഗിച്ച സമിതിയാണ്. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ചെമ്പോല പുരാവസ്തുവല്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണത്തിനൊടുവില്‍ എ.എസ്.ഐ തയ്യാറാക്കിയിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയെന്നാണ് മോൺസന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. ചെമ്പോലയടക്കം മോൺസന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അപ്പീല്‍ കമ്മിറ്റി പരിശോധിച്ചത്. ഈ പരിശോധനയില്‍ രണ്ട് വെള്ളിനാണയങ്ങള്‍ക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്.

ഇത് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോൺസൻ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇവ ഏത് കാലഘട്ടത്തിലെ നാണയങ്ങളാണെന്ന് തറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും ഇതിന് പുരാവസ്തു മൂല്യമുണ്ടെന്നാണ് കണ്ടെത്തല്‍.

മോൺസന്റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. മരപ്പണിക്കാരെയും ലോഹപ്പണിക്കാരെയും ഉപയോഗിച്ച് വസ്തുക്കൾ നിർമിച്ച് പുരാവസ്തു ആണ് എന്ന് പറഞ്ഞും മോൺസൻ വ്യാപക തട്ടിപ്പ് നടത്തിയിരുന്നു. കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം ഇയാളുടെ തട്ടിപ്പിൽ വീണത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 

Tags:    
News Summary - monson mavunkal case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.