കേരള വനം വന്യജീവി വകുപ്പിന് നിയന്ത്രണത്തിലുള്ള സർപ്പ എന്ന സംവിധാനത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പാമ്പുകളുടെ സംരക്ഷണത്തിനും പാമ്പുപിടിത്തത്തിനുമായുള്ള കൂട്ടായ്മയാണ് സർപ്പ.
നമ്മുടെ ചുറ്റുവട്ടങ്ങളിൽ പാമ്പുകളെ കണ്ടാൽ സർപ്പ വളന്റിയർമാരെ അറിയിച്ചാൽ അവർ പാമ്പിനെ പിടിച്ച് മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് തുറന്നുവിടുകയാണ് പതിവ്. പക്ഷേ ഈ വളന്റിയർമാർക്ക് വരുന്ന കാളുകളിൽ മിക്കവാറും വീട്ടിനകത്തോ വീട്ടുവളപ്പിലോ ഉടുമ്പിനെ കണ്ടു അതിനെ പിടിച്ചുകൊണ്ടുപോകണം എന്നു പറഞ്ഞുള്ളതാകും. ഉടുമ്പുകൾ പാമ്പുകളെ നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നവരാണ് എന്നു പറഞ്ഞാലും അവർ വിശ്വസിക്കുകയില്ല.
കുട്ടിക്കാലം മുതൽ ഉടുമ്പുകൾ കടിച്ചാൽ മരണം ഉറപ്പെന്ന കെട്ടുകഥകൾ കേട്ടുവളർന്നതിനാൽ നമ്മൾ ഭയചകിതരാകുന്നത് സാധാരണമാണ്. കൽപ്രദേശങ്ങളിലെ ചെറിയ പൊന്തക്കാടുകളിലും കല്ലുകൾക്കിടയിലെ വലിയപൊത്തുകളിലുമാണ് ഉടുമ്പുകളെ കാണാറ്. മാംസഭുക്കുകളായ ഇവ പാമ്പ്, എലി എന്നിവയെ ആഹാരമാക്കാറുണ്ട്.ഈ ഉടുമ്പുകൾ (മോണിറ്റർ ലിസാഡ്) എത്രമാത്രം പരോപകാരിയാണെന്ന് ഈ വിഡിയോ തെളിവാകുകയാണ്.
ആലപ്പുഴ ജില്ലയിലെ തുറവൂർ സ്വദേശിയും വീട്ടമ്മയുമായ സുശീല രാമസ്വാമിയാണ് ഈ വിഡിയോ പകർത്തിയത്. ഉഗ്രവിഷമുള്ള അണലി പാമ്പിനെയാണ് ഉടുമ്പ് ഭക്ഷണമാക്കുന്നത്. കാണുന്ന നമുക്കും സംശയം തോന്നിയേക്കാം ഉടുമ്പിന് പാമ്പുകടിയേൽക്കില്ലേ എന്ന്.
പാമ്പുകടിയിൽ നിന്ന് വിദഗ്ധമായി ഒഴിഞ്ഞുമാറാൻ കഴിവുള്ള ജീവിയാണ് ഉടുമ്പ്. പാമ്പിനെ വകവരുത്തിയതിന് ശേഷമാണ് ഉടുമ്പ് ഭക്ഷണമാക്കാറ്. പാമ്പിനെ കഴിക്കുന്ന ജീവികൾക്ക് പാമ്പിൻവിഷമേൽക്കാതിരിക്കാനുള്ള പ്രതിരോധം പ്രകൃതിതന്നെ നൽകിയിട്ടുണ്ട്. പ്രകൃതിയിൽ പെരുകുന്ന ജീവികളെ നിയന്ത്രിക്കുന്നതിന് പ്രകൃതിതന്നെ വഴിയൊരുക്കുന്നു എന്നതിന് തെളിവും കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.